
ആറ്റിങ്ങൽ: നിറുത്തിയിരുന്ന പിക്കപ്പ് വാനിൽ കാറിടിച്ച് 10 വയസുകാരൻ മരിച്ചു. വാളക്കാട് കരിക്കകം നിലാവ് വീട്ടിൽ അനീഷ്-സിമി ദമ്പതികളുടെ മകൻ ആയുഷാണ് മരിച്ചത്.കൈക്ക് ഗുരുതരമായി പരിക്കേറ്റ സിമിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി.
മുദാക്കൽ പൊയ്കമുക്കിൽ ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. വാഗൺആർ കാറിൽ മാതാപിതാക്കൾക്കൊപ്പം വാമനപുരത്ത് ബന്ധുവീട്ടിൽ പോയി മടങ്ങവേയായിരുന്നു അപകടം. കാറിന്റെ മുൻസീറ്റിൽ ഇരിക്കുകയായിരുന്ന ആയുഷ് റോഡിലേക്ക് തെറിച്ചു വീണു. വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനീഷ് ഉറങ്ങിപ്പോയതാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.വിദേശത്തായിരുന്ന അനീഷ് നാളെ തിരിച്ചു പോകേണ്ടതായിരുന്നു. വാളക്കാട് ക്രൈസ്റ്റ് നഗർ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ആയുഷ്. ഇതേ സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന അനിഷ്ക സഹോദരിയാണ്.
മുദാക്കൽ ഗ്രാമപഞ്ചായത്ത് മുൻവൈസ് പ്രസിഡന്റും ചെമ്പൂര് സഹകരണ ബാങ്ക് മുൻ ബോർഡു മെമ്പറുമായിരുന്ന പരേതനായ വാളക്കാട് സുജാതന്റെ മകളുടെ മകനാണ് ആയുഷ്.