ആറ്റിങ്ങൽ: സംഘർഷം ഒത്തുതീർപ്പാക്കാനെത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചതായി പരാതി. ആറ്റിങ്ങൽ കുഴിമുക്ക് കുഴിയിൽ വീട്ടിൽ അരുൺ രാജാണ് ഇതു സംബന്ധിച്ച് ആറ്റിങ്ങൽ ഡി.വൈ.എസ്.പിക്ക് പരാതി നൽകിയത്.

കച്ചേരിനടയ്ക്ക് സമീപം ചിറയിൻകീഴ് റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടലിന് മുന്നിൽ ഞായറാഴ്ച രാത്രിയുണ്ടായ സംഘർഷം തടയാനെത്തിയ അരുൺ രാജിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും എസ്.ഐയുടെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിച്ചെന്നുമാണ് പരാതി. തിങ്കളാഴ്ച രാവിലെ സ്റ്റേഷനിൽ പരാതിപ്പെടാൻ ചെന്നപ്പോൾ ഇയാളെയും അമ്മയെയും പൊലീസ് തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. മർദ്ദനമേറ്റ അരുൺരാജ് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
പരാതി ലഭിച്ചിട്ടുണ്ടെന്നും കേസ് വിശദമായി അന്വേഷിക്കുമെന്നും ഡി.വൈ.എസ്.പി സുനീഷ്ബാബു പറഞ്ഞു.