പോത്തൻകോട്: നിർദ്ദിഷ്ട കെ. റെയിൽ കല്ലിടലിനെതിരെ മുരുക്കുംപുഴയിൽ നാട്ടുകാരുടെ പ്രതിഷേധം രൂക്ഷം. ഇന്നലെ രാവിലെ 10ഓടെ മുരുക്കുംപുഴ റെയിൽവേ സ്റ്റേഷന് സമീപത്തെ പ്രദേശങ്ങളിലാണ് കല്ലിടൽ തുടങ്ങിയത്.

മംഗലപുരം സി.ഐ സജീഷിന്റെ നേതൃത്വത്തിൽ ശക്തമായ പൊലീസ് സന്നാഹം ഉണ്ടായിരുന്നു. രാവിലെ മുതൽ കെ റെയിൽ സമര സമിതിയുടെ നേതൃത്വത്തിൽ സ്ത്രീകളടക്കം നൂറിലേറെ പേർ സ്ഥലത്ത് ഒത്തുകൂടിയാണ് പ്രതിഷേധിച്ചത്. വൻ പൊലീസ് സന്നാഹത്തോടെ കെ. റെയിൽ ഉദ്യേഗസ്ഥർ എത്തിയതോടെ നാട്ടുകാരുടെ പ്രതിഷേധം പ്രകടനമായി മാറി. രാവിലെ തന്നെ വീടും, സ്ഥലവും നഷ്ടപ്പെടുന്നവർ ഗേറ്റുകൾ പൂട്ടി കല്ലിടാനെത്തുന്നവരെ തടയാൻ പുറത്ത് നിലയുറപ്പിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ മതിലും ഗേറ്റുകളും ചാടി കടന്നാണ് പല സ്ഥലങ്ങളിലും കല്ലിട്ടത്. ഇന്ന് രാവിലെ വീണ്ടും കല്ലിടൽ തുടരുമെന്ന് ഉദ്യേഗസ്ഥർ അറിയിച്ചു. എന്നാൽ പൊലീസിനെ ഉപയോഗിച്ച് ബലമായി കല്ലിടൽ തുടർന്നാൽ സമരത്തിന്റെ രീതിയും മാറ്റേണ്ടി വരുമെന്നും പിന്നീട് ഉണ്ടാകുന്ന സംഭവങ്ങൾക്ക് ഉത്തരവാദി സർക്കാരായിരിക്കുമെന്നും സമരസമിതി ഭാരവാഹികൾ അറിയിച്ചു. സ്ഥലത്ത് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പൊലീസ് ഇടപെടൽ ശക്തമാക്കാൻ പൊലീസിന് ഉന്നതങ്ങളിൽ നിന്ന് നിർദ്ദേശം ലഭിച്ചതായാണ് സൂചന.