kova

കോവളം: മികച്ച വിനോദ സഞ്ചാര കേന്ദ്രമായ കോവളത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് ആകർഷകമായ പദ്ധതികൾ തയ്യാറാക്കുമെന്നും ഉത്തരവാദിത്വ ടൂറിസത്തിന് വലിയ പ്രാധാന്യം നൽകുമെന്നും മന്ത്രി മുഹമ്മദ്‌ റിയാസ് പറഞ്ഞു. കോവളം ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ പൈതൃക ടൂറിസം - സാംസ്കാരിക ടൂറിസം പഠന ഗവേഷണ കേന്ദ്രത്തിന്റെ പ്രഖ്യാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

തുടർന്ന് സംസാരിച്ച മന്ത്രി സജി ചെറിയാൻ ടൂറിസം രംഗത്ത് പതിനായിരത്തിൽപ്പരം വരുന്ന വനിതകളുടെ കലാരംഗത്തെ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹനം നൽകുന്നതിനായി സർക്കാർ പുതിയൊരു സംരംഭം ആരംഭിക്കുന്നതിന് പദ്ധതിയുണ്ടെന്നും പറഞ്ഞു. എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. മേതിൽ ദേവിക മുഖ്യാതിഥിയായി. വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ, ക്രാഫ്റ്റ് വില്ലേജ് സി.ഒ.ഒ ശ്രീ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. തെയ്യം കലാ അക്കാഡമി ഏർപ്പെടുത്തിയ പുരസ്കാര ജേതാക്കൾക്കുള്ള പുരസ്കാര വിതരണവും മന്ത്രിമാർ നിർവഹിച്ചു.