വിതുര: വിതുര സർവ്വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ പൊൻമുടി-വിതുര റോഡിൽ വിതുര കെ.പി.എസ്.എം ജംഗ്ഷനിൽ ഫുട്ബോൾ ടർഫ് സ്റ്റേഡിയം നിർമ്മിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ഷാജിമാറ്റാപ്പള്ളിയും സെക്രട്ടറി പി. സന്തോഷ്‌കുമാറും അറിയിച്ചു. സംസ്ഥാനസർക്കാരിന്റെ രണ്ടാം നൂറുദിനകർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി സഹകരണബാങ്കുകൾക്ക് ജില്ലയിൽ ഒരു ടർഫ് സ്റ്റേഡിയം അനുവദിച്ചിട്ടുണ്ട്. ഇതിനായി വിതുര സർവീസ് സഹകരണബാങ്കിനെയാണ് സർക്കാർ തിരഞ്ഞെടുത്തത്. ബാങ്കിന്റെ ലാഭവിഹിതത്തിൽനിന്നും 32.35 ലക്ഷം രൂപയാണ് ടർഫ് നിർമ്മാണത്തിനായി വിനിയോഗിക്കുന്നത്. ഇതിന് പുറമേ സർക്കാർ സഹായവും ലഭിക്കും. കെ.പി.എസ്.എം ജംഗ്ഷനിൽ ബാങ്കിന് 50 സെന്റ് സ്ഥലം സ്വന്തമായുണ്ട്. ടർഫ് നിർമ്മാണത്തിന് വേണ്ടിവരുന്ന സ്ഥലം കഴിഞ്ഞ് ബാക്കി ഭൂമിയിൽ പൊൻമുടി, ബോണക്കാട്, പേപ്പാറ എന്നീ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം ഫെസിലിറ്റിസെന്റർ തുടങ്ങുവാനും തീരുമാനിച്ചു. ഇതിനായി സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ടൂറിസം ഫെസിലിറ്റിസെന്ററിന് 98 ലക്ഷം രൂപ ചെലവഴിക്കുമെന്നും, നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ബാങ്ക് പ്രസിഡന്റും ,സെക്രട്ടറിയും അറിയിച്ചു.