general

ബാലരാമപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് - സമഗ്ര ശിക്ഷാ കേരള സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഗണിതപാർക്ക് 2022 പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.നേമം ഗവൺമെന്റ് യു.പി സ്കൂളിലാണ് സംസ്ഥാനത്തെ ആദ്യ ഗണിതപാർക്ക് സജ്ജമാക്കിയിട്ടുള്ളത്. പ്രൈമറി തലത്തിലെ കുട്ടികൾ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഗണിതപഠനം ജനകീയവത്കരിക്കുന്നതിനും കൂടുതൽ ആനന്ദകരവുമാക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുമാണ് ഗണിതപാർക്കുകൾക്ക് തുടക്കമിട്ടിരിക്കുന്നത്. സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നേമം യു.പി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗണിത പാർക്കിന്റെ ഭാഗമായുള്ള ഗണിത കളികളും മന്ത്രി നേരിൽ കണ്ട് അഭിനന്ദിച്ചു. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ.ആർ. സുപ്രിയ പദ്ധതി വിശദീകരിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് സ്കൂളിൽ നിർമ്മിക്കുന്ന ഒന്നേകാൽ കോടി രൂപയുടെ ബഹുനില മന്ദിരത്തിന്റ നിർമ്മാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. അഡ്വ. എം. വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ രൂപരേഖ ഐ.ബി.സതീഷ് എം.എൽ.എയ്ക്ക് നൽകി മന്ത്രി പ്രകാശനം നിർവഹിച്ചു.സ്കൂൾ ഹെഡ് മാസ്റ്റർ എ.എസ്.മൻസൂർ സ്വാഗതം പറഞ്ഞു.ജില്ലാ-ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങളും,പി.ടി.എ ഭാരവാഹികളും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും രക്ഷിതാക്കളും വിദ്യാർത്ഥികളും സംബന്ധിച്ചു.