തിരുവനന്തപുരം: പരീക്ഷാക്കാലം തുടങ്ങാനിരിക്കെ ,സംസ്ഥാനത്ത് വേനൽച്ചൂട് ക്രമാതീതമായി വർദ്ധിക്കുന്നത് വിദ്യാർത്ഥികളെ വല്ലാതെ വലയ്ക്കുന്നു.ഈ ആഴ്ച മോഡൽ പരീക്ഷയും 23 മുതൽ ഒന്നു മുതൽ ഒൻപതു വരെ ക്ളാസുകൾക്കുള്ള വാർഷിക പരീക്ഷയും 30 മുതൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളും ആരംഭിക്കുകയാണ്. പല പരീക്ഷകളും രാവിലെ മുതൽ ഉച്ച വരെയാണ്. ഉച്ചയോടെ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കം കുട്ടികളെ ആകെ വലയ്ക്കും.ചൂട് കുറയ്ക്കാൻ വെള്ളം അധികമായി കുടിക്കുന്നതു കാരണം പല കുട്ടികൾക്കും വിശപ്പുമില്ല. ഒപ്പം,പരീക്ഷാ ടെൻഷനും.
ധാരാളം വെള്ളം കുടിക്കണം
ദിവസം എട്ടു ഗ്ളാസു വരെ വെള്ളം കുടിക്കണം. അതിൽ മോര്, കരിക്ക്, ഉപ്പിട്ട നാരങ്ങാ വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം ഉൾപ്പെടുത്താം. കാർബണേറ്റഡ് ഡ്രിങ്ക്സും ബോട്ടിൽ ജ്യൂസും ഒഴിവാക്കണം.
പഴവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മാങ്ങ, ചക്ക, പേരയ്ക്ക, പപ്പായ തുടങ്ങിവയ്ക്കൊപ്പം സീസണൽ ഫ്രൂട്ട്സും ഉൾപ്പെടുത്താം.
പയർ, കടല തുടങ്ങി ഇരുമ്പ് കൂടുതലടങ്ങിയ ആഹാരം കഴിക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ഉത്തമം. ഇലക്കറികളിലും ഉണക്ക മുന്തിരിയിലും ഈന്തപ്പഴത്തിലും മീനിലുമൊക്കെ ഇരുമ്പിന്റെ അംശം കൂടുതലാണ്.
ഉറക്കം പ്രധാനം
കുട്ടികൾക്ക് എട്ടു മണിക്കൂർ ഉറക്കം പ്രധാനം. ശരീരത്തിനാവശ്യമായ വിശ്രമം നൽകിയാൽ തന്നെ പകുതി പ്രശ്നങ്ങൾക്ക് പരിഹാരമാകും. ചെറിയ കുട്ടികൾ പത്തു മണിക്കൂർ ഉറങ്ങിയാൽ ഉത്തമം.
സൂക്ഷിക്കണം
ഈ രോഗങ്ങളെ
വയറിളക്കം, വൈറൽ പനി, മഞ്ഞപ്പിത്തം
ഈ സമയം
സൂക്ഷിക്കണം
പകൽ 11 മുതൽ 2.30 വരെ പുറത്തിറങ്ങാതിരിക്കുന്നതാണ് അത്യുത്തമം. സൂര്യപ്രകാശം നേരിട്ടടിക്കുന്നത് ഒഴിവാക്കാനാണിത്. പുറത്തിറങ്ങണമെങ്കിൽ അതിനു മുൻപ് ധാരാളം വെള്ളം കുടിക്കുകയും സുരക്ഷയ്ക്കായി കുടയോ തൊപ്പിയോ ധരിക്കുകയും വേണം.
കൊവിഡ്
ബാധിച്ചവരെങ്കിൽ
കൊവിഡ് വന്ന കുട്ടികൾക്ക് രണ്ടു മാസത്തിനകം പനിയോ കണ്ണിലും ദേഹത്തും ചുവപ്പോ കഴുത്തിൽ കഴലയോ കണ്ടാൽ ഡോക്ടറുടെ സേവനം തേടണം.
വിവരങ്ങൾ നൽകിയത്:
ഡോ. ബിന്ദുഷ എസ്.
അസോ. പ്രൊഫസർ
ഡിപ്പാർട്ടുമെന്റ് ഒഫ് പീഡിയാട്രിക്
എസ്.എ.ടി