wall

തിരുവനന്തപുരം: ദേശീയപാത വീതികൂട്ടുന്നതിന്റെ ഭാഗമായി കരുനാഗപ്പള്ളി ജംഗ്ഷനിൽ നിർമ്മിക്കുന്ന 30 മീറ്റർ വീതം നീളമുള്ള രണ്ട് സ്പാനോട് കൂടിയ ഫ്ലൈഓവറിന്റെ ഡിസൈൻ മാറ്റാനാവില്ലെന്ന് ദേശീയപാതാ അതോറിട്ടി അറിയിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.

ദേശീയപാത 66ൽ ചേർത്തല മുതൽ തിരുവനന്തപുരം വരെ വീതികൂട്ടുന്നിടത്ത് ഫ്ലൈഓവറുകളുടെ അനുബന്ധമായി ഇതേ മാതൃകയിലുള്ള റീട്ടെയിനിംഗ് വാളാണ് നിർമ്മിക്കുന്നത്. ടെണ്ടർ നൽകിയതിനാലും കരാറുകാരൻ പണി തുടങ്ങാനുള്ള ഒരുക്കത്തിലായതിനാലും ഈ ഘട്ടത്തിൽ ഡിസൈൻ വ്യത്യാസപ്പെടുത്താനാവില്ലെന്ന് അതോറിട്ടി അറിയിച്ചു.

ഇക്കാര്യത്തിൽ മറ്റെന്തെങ്കിലും നടപടികൾ സ്വീകരിക്കാനാകുമോയെന്ന് അതോറിട്ടുയുമായി ചർച്ച ചെയ്യും. കൊറ്റംകുളങ്ങര മുതൽ കൊല്ലം ബൈപ്പാസ് വരെ ആറുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായാണ് കരുനാഗപ്പള്ളിയിൽ ഫ്ലൈഓവർ നിർമ്മിക്കുന്നതെന്ന് സി.ആർ. മഹേഷിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.