iguana

തിരുവനന്തപുരം: സഞ്ചാരികളെ വരവേൽക്കാൻ മൃഗശാലയിൽ ഒരു ജോ‌ഡി ഗ്രീൻ ഇഗ്വാനയും രണ്ട് പന്നിക്കരടികളുമെത്തി. ഹൈദരാബാദിലെ നെഹ്റു സുവോളജിക്കൽ പാർക്കിൽ നിന്നാണ് ഇഗ്വാനകളേയും പന്നിക്കരടികളേയും തിങ്കളാഴ്ച വൈകിട്ടോടെ മൃഗശാലയിലെത്തിച്ചത്.

മൃഗശാല സൂപ്രണ്ട് ടി.വി. അനിൽകുമാറിന്റെയും ഡോ.ജോക്കബ് അലക്സാണ്ടറിന്റെയും നേതൃത്വത്തിലുള്ള കീപ്പർമാരടങ്ങുന്ന ഒൻപതംഗ സംഘമാണ് ഹൈദരാബാദിൽ നിന്ന് പന്നിക്കരടികളെയും ഗ്രീൻ ഇഗ്വാനകളെയും ലോറിയിൽ തലസ്ഥാനത്തെത്തിച്ചത്.

ഓന്ത് വർഗത്തിൽപ്പെട്ട ജീവിയാണ് ഇഗ്വാന.അമേരിക്കയിലാണ് ഇഗ്വാനയെ സാധാരണയായി കണ്ടുവരുന്നത്. ഇഗ്വാനയേയും പന്നിക്കരടികളെയും എത്തിക്കുന്നതിന് പകരമായി തിരുവനന്തപുരം മൃഗശാലയിലുള്ള നാലു ജോഡി റിയ പക്ഷികളെ നെഹ്റു സുവോളജിക്കൽ പാർക്കിന് കൈമാറി. അമേരിക്കൻ ഒസ്‌ട്രിച്ച് വിഭാഗത്തിൽപ്പെട്ട പക്ഷികളാണിത്. ഇതിൽ പന്നിക്കരടിയെ അഞ്ച് ദിവസത്തിലധികം അനിമൽ ഹൗസിൽ പരിചരിച്ച ശേഷം മാത്രമേ തുറന്ന കൂട്ടിലേക്ക് മാറ്റുകയുള്ളൂ. ഇഗ്വാനെയെ തുറന്ന കൂട്ടിലേക്ക് മാറ്റി. വർഷങ്ങൾക്ക് മുൻപ് മൈസൂർ മൃഗശാലയിൽ നിന്നെത്തിച്ച രവി എന്ന് പേരുള്ള പന്നിക്കരടി പ്രായാധിക്യം കാരണം ചത്തിരുന്നു.