mla

നെയ്യാറ്റിൻകര: കോടതി ഉത്തരവിനെ തുടർന്ന് വീടൊഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ തീകൊളുത്തി മരിച്ച ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്തയാൾക്ക് ജോലി ലഭിച്ചു. നെല്ലിമൂട് സർവീസ് സഹകരണ ബാങ്കിൽ സെയിൽസ് മാൻ തസ്തികയിലാണ് 23കാരനായ രാഹുലിന് ജോലി നൽകിയത്. ഇത് സംബന്ധിച്ച മന്ത്രി വി.എൻ. വാസവന്റെ ഉത്തരവ് കഴിഞ്ഞ ദിവസം നെല്ലിമൂട് സ‌ർവീസ് സഹകരണ ബാങ്ക് വാർഷികസമ്മേളനത്തിൽ കെ.ആൻസലൻ എം.എൽ.എ കൈമാറി.2020 ഡിസംബ‌‌ർ 22നാണ് വീട് ഒഴിപ്പിക്കാനെത്തിയ നെയ്യാറ്റിൻകര മുൻസിഫ് കോടതി ഉദ്യോഗസ്ഥർക്ക് മുന്നിൽ നെയ്യാറ്റിൻകര വെൺപകൽ നെട്ടത്തോട്ടം ലക്ഷം വീട് കോളനിയിൽ രാജനും ഭാര്യ അമ്പിളിയും മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരുടെ വീടിരിക്കുന്ന പുറംപോക്കുഭൂമി തന്റെതാണെന്ന് കാട്ടി പൊങ്ങിൽ സ്വദേശി വസന്ത നൽകിയ പരാതിയെ തുടർന്നായിരുന്നു ഒഴിപ്പിക്കൽ നടപടി. ഗുരുതരമായി പരിക്കേറ്റ ദമ്പതികൾ ചികിത്സയിലിരിക്കെ ഡിസംബ‌‌ർ 28ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. അവകാശ തർക്കമുള്ള ഭൂമിയിൽ മാതാപിതാക്കളെ സംസ്കരിക്കാൻ ഇളയ മകൻ കുഴിയെടുക്കുന്ന ചിത്രം കേരളത്തേ മുഴുവൻ വേദനിപ്പിച്ചിരുന്നു.

രാഹുലും രഞ്ജിത്തും ഇപ്പോൾ അച്ഛമ്മയ്ക്കൊപ്പമാണ് ഇവിടെ താമസിക്കുന്നത്. ഇപ്പോഴും ഉടമസ്ഥാവകാശം സംബന്ധിച്ച് അനിശ്ചിതാവസ്ഥയിലാണെന്ന് ഇളയ മകൻ രഞ്ജിത്ത് പറഞ്ഞു. വീട് പണിയാൻ സർക്കാർ 10ലക്ഷം രൂപ അനുവദിച്ചെങ്കിലും ഉടമസ്ഥാവകാശ തർക്കം പരിഹരിക്കാത്തതിനാൽ വീട് പഴയ അവസ്ഥയിലാണ്. വീടിന് ഇതുവരെ വൈദ്യുതി പോലും കിട്ടിയിട്ടില്ല.രാഹുൽ കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിച്ചു. മുടങ്ങിപ്പോയ പ്ലസ് ടു പരീക്ഷയെഴുതാനുള്ള തയ്യാറെടുപ്പിലാണ് 18കാരനായ രഞ്ജിത്ത്. ജോലി ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെങ്കിലും വൈദ്യുതി പോലുമില്ലാത്ത വീടിന്റെ അവസ്ഥയിൽ ഏറെ വിഷമത്തിലാണ് രാഹുലും അനുജൻ രഞ്ജിത്തും.പഴയ പട്ടയം റദ്ദ് ചെയ്ത് തങ്ങൾക്ക് സുരക്ഷിതമായ ഒരു കിടപ്പാടം ഒരുക്കിക്കിട്ടാനുള്ള കാത്തിരിപ്പിലാണ് ഇരുവരും.