psc

തിരുവനന്തപുരം: എൽ.ഡി ക്ലാർക്ക് സാദ്ധ്യതാലിസ്റ്റ് ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കാനാകുന്നവിധം നടപടികൾ വേഗത്തിലാക്കാൻ പി.എസ്.സി ഒരുങ്ങുന്നു. പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയായതിനെ തുടർന്ന് ഷാഡോ ലിസ്റ്റ് തയ്യാറാക്കുന്നതിനായി മാർക്ക് വിവരങ്ങൾ ജില്ലാഓഫീസുകളിലേക്ക്അയച്ചിരിക്കുകയാണ്. പരിശോധനകൾക്കുശേഷം കേന്ദ്ര ഓഫീസിലേക്ക് പട്ടിക തിരിച്ചെത്തും. പിന്നീട് കമ്മിഷൻ യോഗത്തിന്റെ അനുമതിയോടെ സാദ്ധ്യതാപട്ടിക തയ്യാറാക്കി, രേഖാ പരിശോധനയ്‌ക്ക് ശേഷം റാങ്ക് ലിസ്റ്റ് തയ്യാറാക്കും.ഏപ്രിൽ അവസാനമോ മേയ് ആദ്യമോ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് സാദ്ധ്യത.
നവംബർ 20ന് നടത്തിയ എൽ.ഡി ക്ലാർക്ക് മുഖ്യപരീക്ഷ രണ്ടേകാൽ ലക്ഷം പേർ എഴുതിയെന്നാണ് കണക്ക്. അഞ്ച് ഘട്ടങ്ങളിലായി നടത്തിയ പ്രാഥമിക പരീക്ഷയുടെ മാർക്ക് സമീകരിച്ചാണ് മുഖ്യപരീക്ഷയ്ക്കുള്ള ഏകീകൃത പട്ടിക തയ്യാറാക്കിയത്.
വിവിധ ജില്ലകളിലായി എൽ.ഡി ക്ലാർക്കിന്റെ 600 ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നവംബർ 27 ന് നടത്തിയ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് മുഖ്യപരീക്ഷയുടെ ഫലം ഏപ്രിലിൽ പ്രസിദ്ധീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.