
മലയിൻകീഴ്: മലയിൻകീഴ് മാധവകവി സംസ്കൃതികേന്ദ്ര മന്ദിരത്തിന്റെ ഉദ്ഘാടനം 18ന് രാവിലെ 10.30ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുമെന്ന് സംസ്കൃതി കേന്ദ്രം ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മന്ത്രി ജി.ആർ. അനിൽ, അടൂർ പ്രകാശ് എം.പി, ഐ.ബി. സതീഷ് എം.എൽ.എ, മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. വത്സലകുമാരി, ഡോ.ജോർജ്ജ് ഓണക്കൂർ എന്നിവർ സംസാരിക്കും. സംസ്കൃതികേന്ദ്രത്തിൽ വെബ് സൈറ്റിന്റെ ഉദ്ഘാടനവും ഗവർണർ നിർവഹിക്കും. കേന്ദ്ര സാഹിത്യ അക്കാഡമിയുടെ പുരസ്കാരം നേടിയ സാഹിത്യകാരൻ ഡോ. ജോർജ്ജ് ഓണക്കൂറിനെയും രാധാകൃഷ്ണനെയും മികച്ച കൊവിഡ് വാക്സിനേറ്റർക്കുള്ള ദേശീയ പുരസ്കാരം നേടിയ ടി.ആർ.പ്രിയയേയും ഗവർണർ അനുമോദിക്കും. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പിതാമഹനെന്ന് അറിയപ്പെടുന്ന മാധവകവിയുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ജന്മഭൂമിയായ മലയിൻകീഴിൽ സ്ഥാപിതമായതാണ് മാധവകവി സംസ്കൃതികേന്ദ്രം. മലയാള ഭാഷയിലെ ആദ്യത്തെ ദാർശനിക കൃതിയായ ഭാഷാഭഗവദ്ഗീതയുടെയും ശ്രീവല്ലഭ കീർത്തനത്തിന്റെയും കർത്താവാണ് മാധവകവി. സംസ്കൃതി കേന്ദ്രത്തിന്റെ പ്രവർത്തനോദ് ഘാടനം 2013 ജനുവരി 25ന് പ്രൊഫ. ഒ.എൻ.വി. കുറുപ്പ് നിർവഹിച്ചിരുന്നു. 2014 നവംബർ 20ന് ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. സംസ്ഥാന സർക്കാർ വിവിധ ഘട്ടങ്ങളിലായി അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഭാഷാ, സാഹിത്യം, മതാതീത ആത്മീയത, തത്വചിന്ത എന്നിവയുടെ പരിപോഷണത്തിനായുള്ള പഠനവും ഗവേഷണവും ചർച്ചകളും സംഘടിപ്പിക്കുന്നതിനായുള്ള 'ഗീതാ മണ്ഡപം' മന്ദിരത്തിന്റെ ഭാഗമായുണ്ട്. മൂന്ന് നിലകളിലുള്ള മന്ദിരത്തിൽ യോഗ സംഗീതം, സുകുമാരകലകൾ എന്നിവയുടെ പരിശീലനത്തിനുള്ള സംവിധാനം ഉണ്ടാകുമെന്നും വേണുഗോപാൽ പറഞ്ഞു. മാധവകവിയെക്കുറിച്ച് സ്വതന്ത്ര ഗവേഷണം നടത്തിയ ഭരതീയ സാഹിത്യ ഗവേഷകൻ പ്രൊഫ.എസ്. ഭാസ്കരൻനായരുടെ നാമധേയത്തിലുള്ള ഗ്രന്ഥാലയത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. രക്ഷാധികാരി എസ്. കൃഷ്ണൻകുട്ടി നായർ, ജനറൽ സെക്രട്ടറി പി. അനിൽകുമാർ, ട്രഷറർ വി. ദിലീപ്, രാധാകൃഷ്ണൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.