
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയ പാതയിൽ 30 സ്ഥലങ്ങളിൽ കിഫ്ബി സഹായത്തോടെ ആയിരം കോടി രൂപാ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിൽ പാതയോര വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കാൻ ധാരണാപത്രം ഒപ്പുവച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ഒാവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിംഗ് കമ്പനിക്കാണ് നിർമ്മാണച്ചുമതല. കിഫ്ബിക്കുവേണ്ടി ചീഫ് ഒാഫ് പ്രോജക്ട്സ് എസ്.ജെ. വിജയദാസും ഒാവർസീസ് കേരളൈറ്റ്സിന് വേണ്ടി എം.ഡി ഡോ. ബാജു ജോർജുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. കിഫ്ബി ആസ്ഥാനത്തു നടന്ന ചടങ്ങിൽ കിഫ്ബി സി.ഇ.ഒ ഡോ.കെ.എം.എബ്രഹാം ഉൾപ്പെടെ പങ്കെടുത്തു.
ചേർത്തലയിലും തലപ്പാടിയിലുമാണ് ആദ്യഘട്ടത്തിൽ വിശ്രമ കേന്ദ്രങ്ങൾ നിർമ്മിക്കുക. ഇതിനായി ഒാവർസീസ് കേരളൈറ്റ്സ് കമ്പനിയുടെ ഡയറക്ടർബോർഡ് യോഗം ചേർന്നു. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിച്ചു. നിർമ്മാണത്തിനായി കമ്പനിയുടെ മൂലധനം 45കോടി രൂപയായി ഉയർത്താൻ യോഗം തീരുമാനിച്ചു.