
തിരുവനന്തപുരം: സംസ്ഥാനത്തെ സ്മാർട്ട് സിറ്റി പദ്ധതിയിൽ റോഡ്,ഗതാഗത നവീകരണ പ്രവർത്തനങ്ങൾക്ക് ഡച്ച് സർക്കാർ സാങ്കേതിക സഹകരണം നൽകുമെന്ന് ഇന്ത്യയിലെ ഡച്ച് അംബാസിഡർ മാർട്ടിൻ വാൻ ഡെൻബെർഗ് പറഞ്ഞു.
റോഡിന്റെ നവീകരണത്തിന് സാങ്കേതിക മേൽനോട്ടം വഹിക്കുന്ന ടെക്നോപാർക്കിലെ എ.ആർ.എസ്.ടി.ആൻഡ് ടി.ടി.യുടെ ഓഫീസ് സന്ദർശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യൻ ട്രാഫിക്കിന്റെയും ഗതാഗതത്തിന്റെയും ആവശ്യങ്ങൾക്കായി യൂറോപ്യൻ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും ആഗോള കാലാവസ്ഥാ വ്യതിയാനങ്ങളിൽ ട്രാഫിക്,ഗതാഗത മേഖലകളുണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വിവിധ ഹരിത സംരംഭങ്ങളിൽ എങ്ങനെയൊക്കെ സഹകരിക്കാമെന്ന് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹിയിലെ ഡച്ച് എംബസിയിലെ സാമ്പത്തിക ഉപദേഷ്ടാവ് ജോസ്റ്റ് ഗെയ്ജർ, ഇൻഫ്രാസ്ട്രക്ചർ ആൻഡ് വാട്ടർ മാനേജ്‌മെന്റ് മന്ത്രാലയത്തിലെ സീനിയർ പോളിസി ഓഫീസർ ലൂയിറ്റ്ജാൻ ഡിജ്ഖൂയിസ്, ഡെപ്യൂട്ടി കോൺസൽ ജനറൽ ഹെയ്ൻ ലഗെവീൻ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
എ.ആർ.എസ് ടി ആൻഡ് ടി.ടി മാനേജിങ് ഡയറക്ടർ മനേഷ് വി.എസ്, ടെക്നിക്കൽ ഡയറക്ടർ പ്രവീൺ ബാബു, ഉമേശ് .ജെ,യൂഡ്രൈൻ തോമസ്, വിശാൽ ഫ്രാൻസിസ് എന്നിവർ ഡച്ച് സംഘവുമായി സംസാരിച്ചു.