തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി ചിറക്കപ്പാറക്കടവ് പാലത്തിന്റെ നിർമാണത്തിനു മുന്നോടിയായി മണ്ണു പരിശോധന നടക്കുകയാണെന്നും പാലം രൂപകൽപന തയാറാക്കാൻ മണ്ണ് പരിശോധന ഫലം പൊതുമരാമത്ത് വകുപ്പ്, ഡിസൈൻ വിഭാഗത്തിന് കൈമാറണമെന്നും മന്ത്റി മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. ഡോ.എൻ.ജയരാജിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്റി. ചിറക്കപ്പാറക്കടവ് പാലത്തിന് ബജ​റ്റിൽ 13 കോടി രൂപ ചെലവ് പ്രതീക്ഷിക്കുകയും 20% തുകയായ 2.6 കോടി രൂപ വകകൊള്ളിക്കുകയും ചെയ്തു. പാലം രൂപകൽപ്പനയ്ക്ക് ശേഷം എസ്​റ്റിമേ​റ്റ് തയാറാക്കി ഭരണാനുമതി നൽകി പാലം നിർമ്മാണത്തിനുള്ള നടപടി സ്വീകരിക്കുവാൻ കഴിയും പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പാലം, ഡിസൈൻ വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകും.
2021 ഒക്ടോബർ 16നുണ്ടായ പ്രളയത്തിൽ ചെറുവള്ളിയിൽ ഇറിഗേഷൻ വകുപ്പ് നിർമ്മിച്ച സബ് മേഴ്സിബിൾ ബ്രിഡ്ജിന്റെ ഡെക്ക് പൂർണമായി ഒഴുകിപ്പോയിരുന്നു. ഈ സ്ഥലത്തിന്റെ അടിയന്തര പ്രാധാന്യം പരിഗണിച്ച് ടൈപ്പിക്കിൽ ഡിസൈൻ ആധാരമാക്കി 9.61 കോടി രൂപയ്ക്ക് തയാറാക്കിയ ഡിപിആർ ഭരണാനുമതിയ്ക്കായി ലഭിച്ചു. പ്രളയം ബാധിച്ച പാലങ്ങളുടെ പുനർനിർമ്മാണം നടപ്പാക്കുമെന്ന് ബഡ്ജ​റ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ആ പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുവള്ളി പാലം നിർമ്മാണം സാധ്യമാകുമോയെന്നു പ്രത്യേകം പരിശോധിക്കാമെന്നും മന്ത്റി അറിയിച്ചു.