വർക്കല: സ്കൂൾ കോളേജ് പരിസരങ്ങളിൽ റോഡുകൾ കേന്ദ്രീകരിച്ച് മോട്ടോർവാഹനവകുപ്പ് നിരീക്ഷണം ശക്തമാക്കി. മൂന്ന് പേർ യാത്ര ചെയ്ത ഇരുചക്രവാഹനങ്ങളും,​ അപകടകരമായി വാഹനം ഓടിച്ചവരും,​ ഹെൽമറ്റ് ധരിക്കാത്തവരും,​ വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തിയവരും,​ മതിയായ രേഖകളില്ലാത്ത വാഹനങ്ങളും പരിശോധനയിൽ കുടുങ്ങി. പരിശോധനാസംഘത്തിന്റെ മുന്നിൽപ്പെടാതെ പോകുന്ന നിയമലംഘകരെ പിടികൂടാൻ തേഡ് ഐ സംവിധാനത്തിലൂടെയാണ് പരിശോധന നടന്നത്.

കഴിഞ്ഞ ഒരാഴ്ചക്കാലമായി നടന്ന പരിശോധനയിൽ അഞ്ഞൂറിന് മുകളിൽ നിയമലംഘനങ്ങൾ പിടികൂടിയിട്ടുണ്ട്. എൻഫോഴ്സ്‌മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി കെ. കരൺ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സരിഗജ്യോതി, ശിവപ്രസാദ്, ലൈജു, സജി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

പരിശോധന വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്നും 14 ദിവസത്തിനകം പിഴ അടയ്ക്കാത്ത പക്ഷം തുടർനടപടികൾക്കായി കോടതിക്ക് കൈമാറുമെന്നും എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ ജി.സാജൻ അറിയിച്ചു.

വാഹനാപകടത്തിൽ കൂടുതലും മരിക്കുന്നത് ഇരുചക്രവാഹനം ഓടിക്കുന്ന യുവാക്കളാണെന്നും അതിനാൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക ബോധവത്കരണ പരിപാടികൾ നടത്താൻ ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് വിഭാഗം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം ഇന്ന് ചാവർകോട് സി.എച്ച്.എം.എം കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടക്കും. പ്രിൻസിപ്പൽ ഡോ. എൽ. തുളസീധരൻ ഉദ്ഘാടനം ചെയ്യും. എൻഫോഴ്സ്‌മെന്റ് വെഹിക്കിൾസ് ഇൻസ്പെക്ടർ രാംജി കെ. കരൺ ബോധവത്കരണക്ലാസ് നയിക്കും. അസി.വെഹിക്കിൾ ഇൻസ്പെക്ടർ സരിഗജ്യോതി റോഡ് സുരക്ഷ് പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുക്കും. എൻ.എസ്.എസ് യൂണിറ്റുകളുമായി സഹകരിച്ച് വരും ദിവസങ്ങളിൽ മറ്റുവിദ്യാലയങ്ങളിൽ ബോധവത്കരണ ക്ലാസുകൾ നടത്തും.