
തിരുവനന്തപുരം: വയനാട്ടിൽ കഴിഞ്ഞവർഷം കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് പുനരധിവാസത്തിന്റെ ഭാഗമായി 3,94,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു ചടങ്ങ്. ലൈഫ് പദ്ധതിയിൽ എറണാകുളം ജില്ലയിൽ വീട് നിർമ്മിച്ചുനൽകുന്നതുവരെ താമസിക്കാൻ വാടകവീടിന്റെ താക്കോലും കൈമാറി. വീടും സ്റ്റൈപ്പന്റും കൂടാതെ തുടർപഠനത്തിനായി 15,000 രൂപയുടെ ധനസഹായവും ലഭിക്കും. താത്പര്യമുള്ള മാവോയിസ്റ്റുകൾക്ക് ജില്ലാപൊലീസ് മേധാവിമാരെയോ സർക്കാർ ഓഫീസുകളെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയോ ബന്ധപ്പെടാമെന്ന് ഡി.ജി.പിയുടെ ഓഫീസ് അറിയിച്ചു.