
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊല കേസിൽ സ്ഥലത്തില്ലാത്തവർ പോലും പ്രതികളായിട്ടുണ്ടെന്നും യഥാർത്ഥ ഗൂഢാലോചന നടത്തിയവരെ പ്രതിയാക്കിയില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. സി.പി.എമ്മിലെ ആഭ്യന്തര പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വെളിപ്പെടുത്തൽ. കൊലപാതകം നടക്കുമ്പോൾ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും എരിയാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നയാളാണ് വെളിപ്പെടുത്തൽ നടത്തിയത്.
ഉന്നത സി.പി.എം നേതാവിന്റെ മകനാണ് ഒരാളെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി ഒരു സംഘത്തെ അവിടെ എത്തിച്ചത്. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ കാൽ തല്ലിയൊടിച്ച സംഭവത്തിൽ നിന്നാണ് കൊലപാതകത്തിന് തുടക്കം. പാർട്ടിയുമായും ഉന്നത നേതാവിന്റെ മകനുമായും ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇതിൽ കോൺഗ്രസിന് പങ്കില്ല.
ഡി.വൈ.എഫ്.ഐ നേതാവ് രാത്രിയിൽ പൊലീസ് സ്റ്റേഷനിലെത്തി നടത്തിയ ഗൂഢാലോചനയും അന്വേഷിക്കണം. കൊലപ്പെടുത്താൻ എത്തിയവരാണ് കൊല്ലപ്പെട്ടതെന്ന് ഫോറൻസിക് റിപ്പോർട്ടിലും വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. എസ്.പിയുടെ നേതൃത്വത്തിൽ കേസ് അട്ടിമറിച്ചതിനാൽ സി.ബി.ഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. സൈബർ ഫോറൻസിക് റിപ്പോർട്ട് പുറത്തുവിടണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.