വർക്കല: നഗരസഭയിലെ മൂന്നാം വാർഡായ ജനതാമുക്കിലെ 25-ാം നമ്പർ അങ്കണവാടിയിൽ വൈദ്യുതിയും വെള്ളവുമില്ലാതെ കുട്ടികൾ ദുരിതത്തിൽ. 2020 സെപ്തംബർ 14നാണ് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തത്. പ്രവർത്തനം തുടങ്ങിയെങ്കിലും കൊവിഡ് മഹാമാരി മൂലം തുടർപ്രവർത്തനം നിലച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 14 മുതലാണ് വീണ്ടും കുട്ടികളെ പ്രവേശിപ്പിച്ചത്. ഉദ്ഘാടനം നടന്ന് രണ്ട് വർഷത്തോളമായിട്ടും കെട്ടിടത്തിൽ വൈദ്യുതിയും വെള്ളവും എത്തിയിട്ടില്ല. കുട്ടികൾക്ക് കുടിവെള്ളത്തിനു പോലും സൗകര്യമില്ല. സംസ്ഥാന സർക്കാരിന്റെ നൂറിന കർമ്മ പദ്ധതിയിൽപ്പെടുത്തി ഉദ്ഘാടനം ചെയ്ത അങ്കണവാടിക്കാണ് ഈ ദുരവസ്ഥ.

അങ്കണവാടിയിൽ വൈദ്യുതിയും വെള്ളവുമെത്തിക്കാനുള്ള എല്ലാ നടപടിയും മാസങ്ങൾക്ക് മുൻപ് തന്നെ നഗരസഭ സ്വീകരിച്ചിട്ടുണ്ടെന്ന് ചെയർമാൻ കെ.എം. ലാജി പറഞ്ഞു. വൈദ്യുതി കണക്ഷന് ആവശ്യമായ പോസ്റ്റുകൾക്കുള്ള പണം കെ.എസ്.ഇ.ബിക്ക് നൽകിയിട്ടുണ്ട്. പോസ്റ്റ് ഇല്ലാത്തത് മൂലമാണ് വൈദ്യുതി കണക്ഷൻ വൈകുന്നത്. വെള്ളത്തിന് വാട്ടർഅതോറിട്ടിയിലും പണമടച്ചിട്ടുണ്ട്. വൈകാതെ വാട്ടർ കണക്ഷൻ ലഭിക്കുമെന്ന് ചെയർമാൻ അറിയിച്ചു.