
നാഗർകോവിൽ: നൂറ്റാണ്ടുകൾ പഴക്കമുള്ള പദ്മനാഭപുരം കൊട്ടാരത്തിന്റെ ചുറ്റുമതിൽ നവീകരണം ഉടൻ ആരംഭിക്കുമെന്ന് തമിഴ്നാട് മന്ത്രി മനോതങ്കരാജ് പറഞ്ഞു. കന്യാകുമാരി ജില്ലയിൽ കഴിഞ്ഞ വർഷങ്ങളിൽ പെയ്ത കനത്ത മഴയും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും കാരണം ചുറ്റുമതിലിന്റെ ചില ഭാഗങ്ങൾ ഇടുഞ്ഞുവീണിരുന്നു. മൂന്നര ഏക്കർ കൊട്ടാരം കേരളത്തിന്റെ കീഴിലാണെങ്കിലും ചുറ്റുമുള്ള 150 ഏക്കർ പ്രദേശവും ചുറ്റുമതിലും തമിഴ്നാട് സർക്കാരിന്റെ കീഴിലാണ്. 18,000 മീറ്റർ വരുന്ന മതിൽക്കെട്ടിന്റെ 200 മീറ്ററാണ് തകർന്നത്. ചുറ്റുമതിലിൽ സംരക്ഷിക്കണമെന്ന് പൊതുജനാഭിപ്രായം ഉയർന്നതിനെ തുടർന്നാണ് മന്ത്രി മനോതങ്കരാജും ജില്ലാ കളക്ടർ അരവിന്ദും പദ്മനാഭപുരം സബ് കളക്ടർ അലർമേൽ മങ്ക എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയത്.