
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ജയിക്കാവുന്ന രണ്ട് സീറ്റുകൾ സി.പി.എമ്മും സി.പി.ഐയും പങ്കിട്ടെടുക്കാൻ മുന്നണിയോഗത്തിൽ തീരുമാനമായി.
വൈകിട്ട് നാലിന് ചേർന്ന ഇടതുമുന്നണി യോഗത്തിന് പിന്നാലെ, സി.പി.ഐ സംസ്ഥാന നിർവാഹകസമിതി യോഗം ചേർന്ന് പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായ അഡ്വ. പി. സന്തോഷ് കുമാറിനെ രാജ്യസഭാ സ്ഥാനാർത്ഥിയായി നിശ്ചയിച്ചു. എ.ഐ.വൈ.എഫ് മുൻ ദേശീയസെക്രട്ടറിയാണ് സന്തോഷ് കുമാർ. സി.പി.എം സ്ഥാനാർത്ഥിയെ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കും. ഒരു സീറ്റിൽ സി.പി.എം മത്സരിക്കുമെന്നുറപ്പുണ്ടായിരുന്നു. അവശേഷിച്ച സീറ്റിലേക്ക് സി.പി.ഐ ഉൾപ്പെടെ നാല് ഘടകകക്ഷികൾ അവകാശവാദമുന്നയിച്ചു. നിലവിലെ ദേശീയ സാഹചര്യം പരിഗണിച്ച് സീറ്റുകൾ സി.പി.എമ്മിനും സി.പി.ഐക്കും അനുവദിക്കാൻ തീരുമാനിച്ചെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മൂന്ന് സീറ്റുകളാണ് രാജ്യസഭയിലേക്ക് ഒഴിവുള്ളത്. കെ. സോമപ്രസാദ് (സി.പി.എം), എം.വി. ശ്രേയാംസ് കുമാർ (എൽ.ജെ.ഡി), എ.കെ. ആന്റണി (കോൺഗ്രസ്) എന്നിവരുടേതാണ് ഒഴിവുകൾ. ഇതിൽ രണ്ടെണ്ണം സി.പി.എമ്മിന്റേതും എൽ.ജെ.ഡിയുടേതുമാണ്. അവകാശവാദമുയർത്തിയ എൽ.ജെ.ഡി, ജനതാദൾ-എസ്, എൻ.സി.പി കക്ഷികളെ നയത്തിൽ കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്വം ഇടതുമുന്നണി യോഗത്തിൽ സി.പി.എം ഏറ്റെടുക്കുകയായിരുന്നു.
മുന്നണി യോഗത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ദേശീയ രാഷ്ട്രീയസാഹചര്യം വിവരിച്ചു. രണ്ട് സീറ്റുകളിലേക്ക് സി.പി.എമ്മും സി.പി.ഐയും മത്സരിക്കണമെന്നും വ്യക്തമാക്കി. മന്ത്രിസഭയിൽ പോലും പ്രാതിനിദ്ധ്യമില്ലാത്ത തങ്ങളെ പാർലമെന്റിലേക്ക് പരിഗണിക്കണമെന്ന് എൽ.ജെ.ഡിക്ക് വേണ്ടി വറുഗീസ് ജോർജ് വാദിച്ചു. ചെറുതും വലുതുമായ കക്ഷികളുടെ കൂട്ടായ്മയാണ് മുന്നണിയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ തങ്ങളിൽ നിന്ന് ലോക്സഭാ സീറ്റ് എടുത്തു മാറ്റിയതോടെ 25 വർഷമായി രാജ്യസഭാ പ്രാതിനിദ്ധ്യമില്ലാത്ത സ്ഥിതിയാണെന്നും, സീറ്റ് ആവശ്യപ്പെടണമെന്ന് ദേശീയ നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ടെന്നും ജെ.ഡി.എസ് പ്രസിഡന്റ് മാത്യു ടി.തോമസ് പറഞ്ഞു. നേരത്തേ രണ്ടുതവണ രാജ്യസഭാ സീറ്റ് ഭാഗം വച്ചപ്പോൾ അവസാന മൂന്ന് വർഷം എൻ.സി.പിക്ക് ലഭിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ ഓർമ്മിപ്പിച്ചു. എന്നാൽ, കഴിഞ്ഞ തവണ ഒഴിവുവന്ന രണ്ട് സീറ്റുകൾ സി.പി.എം ഏറ്റെടുത്തപ്പോൾ, ഇനി ഒഴിവുവരുന്ന രണ്ട് സീറ്റുകളിലൊന്ന് നൽകാമെന്ന ഉറപ്പ് സി.പി.ഐക്ക് നൽകിയിരുന്നതാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. എൽ.ഡി.എഫിന്റെ പൊതുതാത്പര്യമനുസരിച്ച് സി.പി.എമ്മും സി.പി.ഐയും മത്സരിക്കുകയല്ലേയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ചോദിച്ചതോടെ എല്ലാവരും അംഗീകരിച്ചു.
രാജ്യസഭാ സീറ്റ്:
സന്തോഷിന് തുണയായത്
ദേശീയതല പ്രവർത്തനം
തിരുവനന്തപുരം: സി.പി.ഐയുടെ രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കപ്പെടാൻ പി. സന്തോഷ് കുമാറിന് സഹായകമായത്പാർട്ടി യുവജന സംഘടനയുടെ തലപ്പത്ത് പത്ത് വർഷത്തോളം ഡൽഹി കേന്ദ്രീകരിച്ചുള്ള പ്രവർത്തന പരിചയം.
ഇന്നലെ വൈകിട്ട് ചേർന്ന സി.പി.ഐ നിർവാഹകസമിതി യോഗത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് സന്തോഷിന്റെ പേര് നിർദ്ദേശിച്ചത്. അഖിലേന്ത്യാതലത്തിൽ പരിചയമുള്ള ആളാവണം ഇന്നത്തെ സാഹചര്യത്തിൽ രാജ്യസഭയിലേക്ക് പോകാനെന്നും, കേന്ദ്ര പാർട്ടിയെക്കൂടി സഹായിക്കാൻ കഴിവുള്ളയാളാകണം സ്ഥാനാർത്ഥിയെന്നും കാനം പറഞ്ഞു. സന്തോഷിന് അത് സാധിക്കുമെന്ന് കാനം വ്യക്തമാക്കിയതോടെ, മറിച്ചൊരു പേര് യോഗത്തിലുയർന്നില്ല. സന്തോഷിന്റെ പേരിന് നിർവാഹകസമിതി അംഗീകാരം നൽകുകയായിരുന്നു.
എ.ഐ.വൈ.എഫ് ദേശീയ പ്രസിഡന്റും ജനറൽസെക്രട്ടറിയുമായി സന്തോഷ് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. സി.പി.ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായ സന്തോഷ്, കണ്ണൂർ സർവകലാശാലാ സിൻഡിക്കേറ്റംഗമാണ്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിക്കൂറിൽ മത്സരിച്ചു. 1971ൽ ഇരിക്കൂർ പടിയൂരിൽ കെ.പി. പ്രഭാകരന്റെയും പി.വി. രാധയുടെയും മകനായി ജനിച്ചു. സേലം ജയിൽ രക്തസാക്ഷി ഒ.പി. അനന്തൻ മാസ്റ്ററുടെയും സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്ര് നേതാവുമായിരുന്ന കെ.കെ. അടിയോടിയുടെയും പൗത്രനാണ്. ഭാര്യ ഡോ. ലളിത (കൊയ്യം ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ). മക്കൾ: ഹൃദ്യ (മിറാന്റ കോളേജ്, ഡൽഹി), ഹൃത്വിക് ( പ്ലസ് വൺ വിദ്യാർത്ഥി).
വലിയ ഉത്തരവാദിത്വം : പി. സന്തോഷ് കുമാർ
കണ്ണൂർ: പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വമാണെന്ന് രാജ്യസഭാ സ്ഥാനാർത്ഥിയായി നിയോഗിക്കപ്പെട്ട സി.പി. ഐ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാർ പറഞ്ഞു. ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതികരിക്കാൻ കിട്ടിയ അവസരമായാണ് ഇതിനെ കാണുന്നത്. എന്നും ജനങ്ങൾക്കൊപ്പം അവരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് പ്രവർത്തിക്കാൻ ഈ സ്ഥാനാർത്ഥിത്വം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു
75 വയസ്: സി.പി.ഐ സംസ്ഥാന
എക്സിക്യൂട്ടീവിൽ 4 പേർ മാറും
തിരുവനന്തപുരം: സി.പി.ഐ ദേശീയ കൗൺസിലിൽ അംഗങ്ങളാകുന്നവരുടെ പ്രായപരിധി 75 വയസ്സാക്കി നിജപ്പെടുത്തിയ പാർട്ടി തീരുമാനം സംസ്ഥാന നേതൃസമിതികളിൽ നടപ്പാക്കിയാൽ സംസ്ഥാന നിർവാഹകസമിതിയിൽ നിന്ന് പുറത്തു പോകേണ്ടി വരിക നാല് പേർ.
ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മായിൽ, സംസ്ഥാന എക്സിക്യൂട്ടീവംഗങ്ങളായ സി. ദിവാകരൻ, വി. ചാമുണ്ണി, എ.കെ. ചന്ദ്രൻ എന്നിവരാണ് സംസ്ഥാന നേതൃസമിതിയിൽ 75 വയസ്സ് പിന്നിട്ട നേതാക്കൾ. പുതിയ തീരുമാനത്തോടെ കെ.ഇ. ഇസ്മായിൽ ദേശീയ നിർവാഹകസമിതിയിലും കൗൺസിലിലും നിന്ന് വരുന്ന പാർട്ടി കോൺഗ്രസോടെ ഒഴിവാകുമെന്നുറപ്പായി. സംസ്ഥാന നേതൃസമിതികളിൽ ഏതുതരം നിബന്ധന വേണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന കൗൺസിലാണ്.
ജില്ലാ സെക്രട്ടറിമാർക്ക് 60 വയസ്സ് പ്രായപരിധി കർശനമാക്കിയാൽ കേരളത്തിലെ പല ജില്ലകളിലും സെക്രട്ടറിമാർ മാറേണ്ടി വരുമെന്നാണ് സൂചന. അല്ലെങ്കിലും രണ്ട് ടേം പൂർത്തിയായ ജില്ലാ സെക്രട്ടറിമാർ സി.പി.ഐയിൽ മാറണം.
രാജ്യസഭ:
ഗുലാംനബി ആസാദും
സാദ്ധ്യതാപട്ടികയിൽ
ന്യൂഡൽഹി: കേരളത്തിൽ നിന്ന് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് എ.ഐ.സി.സി നേതൃത്വം മുതിർന്ന നേതാവ് ഗുലാം നബി ആസാദിനെയും പരിഗണിക്കുന്നതായി സൂചന.
ഗുലാംനബി ഉൾപ്പെടുന്ന ജി-23 ഗ്രൂപ്പിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് മുന്നോട്ടുവച്ച ഒത്തുതീർപ്പ് ഫോർമുലയിൽ ഇതും ഉൾപ്പെട്ടിട്ടുണ്ടെന്നാണറിയുന്നത്. കേരളത്തിൽ നിന്നു തന്നെ നിരവധി നേതാക്കൾ സീറ്റ് മോഹവുമായി നിൽക്കുന്ന സാഹചര്യത്തിൽ ഹൈക്കമാൻഡിന്റെ ഇംഗിതത്തിനനുസരിച്ച് നീങ്ങാമെന്ന ധാരണയിലാണ് സംസ്ഥാന നേതൃത്വം.
പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഇന്നലെ ഡൽഹിയിലെത്തി. ഇവിടെ നടക്കുന്ന തുടർ ചർച്ചകളിലാവും തീരുമാനം. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ.സി. വേണുഗോപാലിനെ നീക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ജി-23 നേതാക്കൾ ഉന്നയിക്കുന്നത്. ഇക്കാര്യത്തിലും എല്ലാവർക്കും സ്വീകാര്യമായ ഫോർമുലയിലെത്തുമെന്നും സൂചനകളുണ്ട്.