
തിരുവനന്തപുരം: തിരുവല്ലം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ തിരുവല്ലം നെല്ലിയോട് മേലെചരുവിള പുത്തൻവീട്ടിൽ സുരേഷ് (40) മരണപ്പെട്ട സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര കോടതിയിൽ മൊഴിയെടുക്കും. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങളോ തെളിവുകളോ നൽകാനുള്ളവർ നെയ്യാറ്റിൻകര ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2ൽ ഉടൻ ഹാജരായി മൊഴിനൽകണമെന്ന് മജിസ്‌ട്രേറ്റ് അറിയിച്ചു. ക്രിമിനൽ നടപടി നിയമം 176 (1എ) പ്രകാരമാണ് നടപടി. തിരുവല്ലം ജഡ്ജിക്കുന്ന് സന്ദർശിക്കാനെത്തിയ ദമ്പതികളെ തടഞ്ഞുവയ്ക്കുകയും അപമാനിക്കുകയും ചെയ്ത കേസിലെ ആറാം പ്രതിയായിരുന്നു സുരേഷ്. സംഭവത്തിൽ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള മജിസ്റ്റീരിയൽ അന്വേഷണവും പുരോഗമിക്കുകയാണ്. കസ്റ്റഡി മരണവും ദമ്പതികളെ അപമാനിച്ച സംഭവവും സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിട്ട് സർക്കാർ ഉത്തരവിട്ടിരിക്കെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെയും കേസിലെ സാക്ഷികളിൽ പലരുടെയും മൊഴിയെടുത്തു. സുരേഷിനെ കസ്റ്റഡിയിലെടുത്തതിന് സാക്ഷികളായ ജഡ്ജിക്കുന്ന് നിവാസികൾ, പരിശോധിച്ച ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ എന്നിവരെയാണ് ഇന്നലെ വിളിച്ചുവരുത്തി മൊഴിയെടുത്തത്. സംഭവദിവസത്തെ പൊലീസ് സ്റ്റേഷനിലെ സി.സി ടിവി ദൃശ്യങ്ങളും കാമറയുടെ ഹാർഡ് ഡിസ്കും പരിശോധിച്ച് തെളിവുകൾ കണ്ടെത്താനുള്ള ശ്രമങ്ങളും ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്.