pinaryi-

തിരുവനന്തപുരം: അമിത ഉപയോഗത്തിലൂടെ ഉത്പന്നങ്ങളും വിഭവങ്ങളും പാഴാക്കിക്കളയുന്നത് വലിയ കുറ്റകൃത്യമാണെന്നും അവ മറ്റൊരാൾക്ക് അവകാശപ്പെട്ടതാണെന്ന ബോധം എല്ലാവർക്കുമുണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക ഉപഭോക്തൃ അവകാശ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം ഡിജിറ്റൽ ധനകാര്യ മേഖലയിൽ നൂതന അവസരങ്ങൾ വരുമ്പോൾത്തന്നെ അതിലെ അപകടങ്ങളും കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് നടപ്പാക്കുന്ന പുതിയ അഞ്ചു പദ്ധതികൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.

സുതാര്യ നടപടികളിലൂടെ പൊതുജനങ്ങൾക്ക് വലിയ പ്രയോജനമുണ്ടാക്കുന്ന കാലഘട്ടത്തിലേക്ക് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മാറുകയാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
ഉപഭോക്തൃ നിയമങ്ങളും അവകാശങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജു, സംസ്ഥാന ഡി.സി.ആർ.സി. പ്രസിഡന്റ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഡോ. ഡി. സജിത് ബാബു തുടങ്ങിയവർ പങ്കെടുത്തു.