kunnamvila

പാറശാല: അമിത ഭാരം കയറ്റിയ വാഹനങ്ങളുടെ മത്സര ഓട്ടം നാട്ടുകാർക്കും വാഹനങ്ങൾക്കും ഭീഷണിയാവുന്നതിന് പുറമെ കോടികൾ ചെലവാക്കി നിർമ്മിച്ച റോഡുകളുടെ തകർച്ചയ്ക്കും കാരണമാകുന്നതായി പരാതി.

ഇത്തരം വാഹനങ്ങൾക്കെതിരെ പല സ്ഥലത്തും ജനരോഷം ശക്തമായിട്ടുണ്ട്. അമിത ഭാരം കയറ്റി തമിഴ്നാട്ടിൽ നിന്ന് ദേശീയപാത വഴി കേരളത്തിലേക്ക് എത്തുന്ന വാഹനങ്ങൾ പൊലീസ് പരിശോധന ഒഴിവാക്കാൻ ഉദിയൻകുളങ്ങരയിൽ നിന്ന് തിരിഞ്ഞ് വട്ടവിള പ്രായുംമൂട് വഴി നെയ്യാറ്റിൻകര കടന്ന് പോവുകയാണ് പതിവ്.

അമിത ഭാരം കാരണം നിയന്ത്രണം തെറ്റിയ വാഹനങ്ങൾ കടകളും, വീടുകളുടെ മതിലുകളും തകർക്കുന്നത് ഇവിടെ പതിവായിരിക്കുകയാണ്.

കോടികൾ ചെലവാക്കി റബറൈസ്‌ഡ്‌ ടാർ ചെയ്ത് പുനർ നിർമ്മിച്ച റോഡുകളാണ് അമിത ഭാരം കയറ്റിയ വാഹനങ്ങൾ കാരണംമാസങ്ങൾ കൊണ്ട് തകർന്ന് തരിപ്പണമായത്. പ്ലാമൂട്ടുക്കട, കുന്നംവിള, മാവിളക്കടവ് എന്നിവിടങ്ങളിലെ റോഡിലെ കുഴികളിൽ വാഴ നട്ട് നാട്ടുകാർ പ്രതിഷേധിക്കുകയും വാഹനങ്ങളെ തടഞ്ഞിടുകയും ചെയ്തു. അമിത ഭാരവുമായി ഗതിമാറി സഞ്ചരിക്കുന്നവരെ തടയാൻ ബന്ധപ്പെട്ട പൊലീസ്, ആർ.ടി.ഒ അധികാരികൾ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

തകർന്ന റോ‌ഡുകൾ

ഉദിയൻകുളങ്ങര - വട്ടവിള, വട്ടവിള - പ്രായുംമൂട്, പ്ലാമൂട്ടുക്കട - പൂഴിക്കുന്ന് - കുന്നംവിള - മാവിളക്കടവ് ഇടിച്ചക്കപ്ലാമൂട് - പ്ലാമൂട്ടുക്കട തുടങ്ങിയ റോഡുകൾ തകർന്ന നിലയിലാണ്

ഭീഷണിയാകുന്നത്

വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ നിന്ന് കൂറ്റൻ കരിങ്കല്ലുകളുമായി എത്തുന്ന ടിപ്പർ ലോറികൾ, ബൈപ്പാസ് റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡ് നിറയ്ക്കാനുള്ള മണ്ണ്, എംസാൻഡ്‌, പാറപ്പൊടി, കോൺക്രീറ്റ് മിക്സ്, ചുടുകല്ല് എന്നിവയുമായി എത്തുന്ന ലോറികൾ എന്നിവയാണ് റോഡ് ഭീഷണിക്ക് കാരണമാകുന്നത്.

പിഴതുക പേടിച്ച്, ഇട റോഡുകൾ

20 ടൺ ഭാരം കയറ്റാൻ അനുമതിയുള്ള വാഹനങ്ങളിൽ 40, 50 ടണ്ണിലേറെ അമിതഭാരവുമായിട്ടാണ് വാഹനങ്ങൾ എത്തുന്നത്. അമിത ലോഡുമായി എത്തുന്നത് കൊണ്ട് വൻ തുക തന്നെ പിഴയായി അടക്കേണ്ടി വരുമെന്നത് കാരണം പിഴ തുക അടയ്ക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോറികൾ ദേശീയ പാത വിട്ട് സമാന്തര റോഡുകളെ ആശ്രയിക്കുന്നത്.