
# ഇന്ന് തുടക്കം പേരിനുമാത്രം, മാർഗനിർദ്ദേശം പിന്നാലെ
തിരുവനന്തപുരം : പന്ത്രണ്ടു മുതൽ പതിനാലു വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്സിനേഷൻ, ആദ്യദിനമായ ഇന്ന് കേരളത്തിൽ തിരഞ്ഞെടുത്ത ചില കേന്ദ്രങ്ങളിൽ മാത്രമായിരിക്കും. കേന്ദ്രങ്ങൾ ജില്ലാതലത്തിൽ അറിയാം.
കൊ-വിൻ പോർട്ടലിൽ രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവർത്തകർക്കുള്ള പരിശീലനം ഇന്ന് രാവിലെയാണ് ആരംഭിക്കുന്നത്. അതിനുശേഷം മാത്രമേ വാക്‌സിനേഷൻ തുടങ്ങൂ. കേന്ദ്രത്തിൽ നിന്നുള്ള നിർദ്ദേശം വൈകിയതാണ് കാരണം.
പരീക്ഷ കഴിഞ്ഞ് അവധിക്കാലത്ത് വാക്‌സിനേഷൻ വ്യാപകമാക്കിയാൽ മതിയെന്ന് ഇന്നലെ ആരോഗ്യ,വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. മാർഗരേഖ പിന്നാലെ പുറത്തിറക്കും.
രജിസ്ട്രേഷന് കാത്തിരിക്കണം
കൊ-വിൻ പോർട്ടലിൽ 12 മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് രജിസ്‌റ്റർ ചെയ്യാൻ സംവിധാനമായിട്ടില്ല. അതു സജ്ജമായാലേ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കൂ. തുടർന്ന് സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യവുമുണ്ടാകും. 2010ൽ ജനിച്ച എല്ലാവർക്കും രജിസ്റ്റർ ചെയ്യാൻ കഴിയുമെങ്കിലും വാക്‌സിൻ എടുക്കുന്ന ദിവസം 12 വയസ് പൂർത്തിയാവണം. 2010 മാർച്ച് 16ന് മുമ്പ് ജനിച്ച കുട്ടികൾക്ക് വാക്‌സിനെടുക്കാം.
പുതിയ നിറം വരും
മുതിർന്നവരുടെ വാക്സിനേഷൻ കേന്ദ്രത്തിന്റെ ബോർഡ് നീലയും 15 മുതൽ 17വയസുവരെയുള്ളവരുടേത് പിങ്കുമാണ്. 12 മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് മറ്റൊരു നിറം നൽകാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.
കരുതൽ ഡോസ്
ഇന്നു മുതൽ
സംസ്ഥാനത്ത് ഇന്ന് മുതൽ 60 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും രണ്ടാം ഡോസ് കഴിഞ്ഞ് 9 മാസത്തിന് ശേഷം കരുതൽ ഡോസ് എടുക്കാം. നേരത്തെ 60 കഴിഞ്ഞ ഗുരുതരരോഗങ്ങളുള്ളവർക്കും കൊവിഡ് മുന്നണി പോരാളികൾക്കുമായിരുന്നു കരുതൽ ഡോസ് നൽകിയത്.
'ചെറിയ കുട്ടികളായതിനാൽ രക്ഷിതാക്കളുടെ ആശങ്ക മനസിലാക്കി കൃത്യമായ ആസൂത്രണം നടത്തിയാകും വാക്‌സിനേഷൻ നടത്തുക.'
-വീണാ ജോർജ്
ആരോഗ്യമന്ത്രി