
നെയ്യാറ്റിൻകര: നടപ്പാത കൈയേറി നഗരസഭയുടെ പൂന്തോട്ട നിർമ്മാണം ആരംഭിച്ചതോടെ കാൽനടയാത്രക്കാരുടെ വഴി തടസപ്പെട്ടു. നെയ്യാറ്റിൻകര നഗരസഭയിലെ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ടി.ബി ജംഗ്ഷന് സമീപത്തെ കരമന - കളിയിക്കാവിള ദേശീയ പാതയിലാണ് ഇന്നലെ തകൃതിയായി പൂന്തോട്ടം നിർമ്മിച്ചത്.
ഇന്നലെ നഗരസഭാ വാഹനത്തിൽ മണൽ കൊണ്ട് വന്നു നിരത്തി. വിവിധയിനം ചെടികൾ കുഴികുത്തി നട്ടു. ദേശീയപാതയിലെ ടാറിട്ട റോഡിനോട് ചേർന്ന് കാൽനട യാത്രികർക്കുള്ള നടവഴിയാണ് പൂന്തോട്ടമാക്കിയത്. ഇതോടെ ഇതുവഴിയുള്ള കാൽനടയാത്ര തടസപ്പെട്ട നിലയിലാണ്. ചെടികൾ നട്ടശേഷം വഴിയും കയർ കെട്ടി കെട്ടിയടച്ചിട്ടുണ്ട് . വഴിയാത്രക്കാർ ഇപ്പോൾ ടാറിട്ട റോഡിലൂടെയാണ് സഞ്ചരിക്കുന്നത്.