chumar-chithrangal

ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്ര ശ്രീകോവിലിൽ ദേവീമാഹാത്മ്യത്തെ അവലംബിച്ച് ആവിഷ്‌കരിച്ച ചുമർചിത്രം ഭക്തർക്ക് നവ്യാനുഭവമാകും. ചിത്രകാരൻ പ്രിൻസ് തോന്നയ്‌ക്കലിന്റെ നേതൃത്വത്തിൽ കഴിഞ്ഞവർഷം സെപ്തംബറിലാണ് ചിത്രരചന ആരംഭിക്കുന്നത്. പ്രിൻസിനെക്കൂടാതെ വിനോദ്, രഞ്ജിത്, കണ്ണൻ, സുരേഷ് കൊളാഷ്, നന്ദകുമാർ, രമേഷ് കോവുമ്മൽ തുടങ്ങിയവരും സംഘത്തിലുണ്ട്. ചിത്രങ്ങളുടെ സമർപ്പണം 23ന് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും.

പരമ്പരാഗതമായ രീതിയിൽ ചുമർ മിനുക്കിയ ശേഷം പ്രകൃതിദത്ത വർണങ്ങൾ മാത്രം കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ചിത്രരചനാ രീതിയാണ് ഇവിടെയുള്ളത്. കരിങ്കൽപ്പാളികൾ കൊണ്ട് തീർത്ത ശ്രീകോവിലിന്റെ ചുമരിൽ കുമ്മായക്കൂട്ടുകൊണ്ട് പ്ലാസ്റ്ററിംഗ് ചെയ്‌തശേഷമാണ് ചിത്രരചന ആരംഭിച്ചത്. ദേവീമാഹാത്മ്യത്തിന്റെ ഇതിവൃത്തത്തിലെ ചില ഭാഗങ്ങളും ധ്യാന ശ്ലോകങ്ങളിലെ വർണനകളും മാത്രം കോർത്തിണക്കിയാണ് ചിത്രങ്ങളൊരുക്കിയത്.

ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് (മുൻവശം) ഇടതുവശത്തായി എട്ടുകൈകളിൽ ശൂലം, കപാലം, അമ്പ്, വില്ല്, വാള്, പരിച, വെണ്മഴു, ശംഖ്‌ എന്നിവയുള്ള ദേവിയുടെ രൂപത്തോടെയാണ് ചിത്രങ്ങൾ തുടങ്ങുന്നത്. പഞ്ചമുഖ ഗായത്രി, മഹിഷാസുര മർദിനി, ശക്തി പഞ്ചാക്ഷരി, സരസ്വതി, അഷ്ടലക്ഷ്മി, ദുർഗാ ശയനം (ശാന്തി ദുർഗ) തുടങ്ങി എട്ടോളം ചിത്രങ്ങളാണ് തുടർന്നുള്ളത്. എല്ലാ വശങ്ങളിലും ദ്വാരപാലികമാരെയും ആലേഖനം ചെയ്‌തിട്ടുണ്ട്.

ക്ഷേത്രത്തിന്റെ മുൻഭാഗത്ത് തകിടുകൊണ്ട് പൊതിഞ്ഞിരുന്ന ദ്വാരപാലികമാരുടെ കരിങ്കൽ ശില്പങ്ങളും ഇതോടൊപ്പം ചുവർ ചിത്ര ശൈലിയിൽ മനോഹരമാക്കുന്നുണ്ട്. ആറ്റിങ്ങൽ സ്വദേശിയായ ടി.എസ്. നായരാണ് വഴിപാടായി ചുമർചിത്രങ്ങൾ സമർപ്പിക്കുന്നത്.