gr-anil

തിരുവനന്തപുരം‌: മൂന്ന് കേന്ദ്രങ്ങളിൽ കൂടി സപ്ലൈകോയുടെ പെട്രോൾ പമ്പുകൾ ആരംഭിക്കുമെന്നും എല്ലാ മണ്ഡലങ്ങളിലും 20 രൂപയ്‌ക്ക് ഊണ് നൽകുന്ന 'സുഭിക്ഷ ഹോട്ടൽ" ആരംഭിക്കുമെന്നും മന്ത്രി ജി.ആർ. അനിൽ നിയമസഭയെ അറിയിച്ചു. തിരുവല്ല, മാനന്തവാടി, വാഗമൺ എന്നിവിടങ്ങളിലാണ് പുതിയ പമ്പുകൾ. സർക്കാരിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തിയായിരിക്കും സുഭിക്ഷ ഹോട്ടൽ ആരംഭിക്കുക.

ബി.പി.എൽ കാർഡ് അടുത്ത മാസം

ഏപ്രിൽ 15ഓടെ അർഹരായവർക്ക് ബി.പി.എൽ കാർഡ് നൽകും. ആകെ 5 ലക്ഷം മഞ്ഞക്കാർഡുകളാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. കെ.വി. തോമസ് കേന്ദ്ര ഭക്ഷ്യമന്ത്രിയായിരുന്നപ്പോഴാണ് എണ്ണം ചുരുക്കിയത്. എണ്ണം കൂട്ടണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. കേന്ദ്രഅലോട്ട്മെന്റ് വെട്ടിച്ചുരുക്കിയതിനാലാണ് പ്രതിമാസം ഒരു ലിറ്റർ വീതം മണ്ണെണ്ണ നൽകാൻ കഴിയാത്തത്.

എം.എൽ.എ ഫണ്ടിൽ നിന്ന് വാഹനം

ലഭിച്ചാൽ സഞ്ചരിക്കുന്ന മാവേലി

എം.എൽ.എ ഫണ്ടിൽ നിന്ന് വാഹനം നൽകാൻ തയ്യാറായാൽ എല്ലാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ അനുവദിക്കും. സപ്ലൈകോയിൽ സബ്സിഡിയിതര ഉത്പന്നങ്ങൾക്ക് വിപണിവിലയേക്കാൾ കൂടുതൽ വരുന്നതും ലഭ്യമാവാത്തതും പരിഹരിക്കും.

എൻ.എഫ്.എസ്.എ ഗോഡൗണിൽ നിന്ന് റേഷൻകടകളിൽ വാതിൽപ്പടി വിതരണം നടത്തുന്ന വാഹനങ്ങൾക്ക് കളർകോഡിംഗ് നടപ്പാക്കുന്ന കാര്യം പരിഗണനയിലാണ്. ആദ്യഘട്ടമായി തൃശൂർ ജില്ലയിൽ നടപ്പാക്കും.