
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് പബ്ളിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രദർശന -വിപണനമേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ ഒന്നിന് കണ്ണൂരിൽ നടക്കും. മേയ് 20ന് തിരുവനന്തപുരത്താണ് സമാപനം.
കണ്ണൂർ, കോഴിക്കോട്, എറണാകുളം ,തിരുവനന്തപുരം ഒഴികെ 10 ജില്ലകളിലും ഏഴുദിവസം വീതമാണ് പ്രദർശന-വിപണന മേള.കണ്ണൂർ പൊലീസ് ഗ്രൗണ്ടിൽ ഏപ്രിൽ രണ്ട് മുതൽ 14 വരെയും കോഴിക്കോട് ബീച്ചിൽ ഏപ്രിൽ 19 മുതൽ 26 വരെയും എറണാകുളം മറൈൻ ഡ്രൈവിൽ ഏപ്രിൽ 30 മുതൽ മേയ് എട്ട് വരെയും തിരുവനന്തപുരത്ത് (നിശാഗന്ധി, കനകക്കുന്ന് , സൂര്യകാന്തി)മേയ് 12 മുതൽ 20 വരെയുമാണ് മേള. മറ്ര് ജില്ലകളിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ ചർച്ച ചെയ്ത് വേദിയും തീയതിയും നിശ്ചയിക്കും.
വ്യവസായ വകുപ്പ്, ടൂറിസം, കൃഷി,സാംസ്കാരിക വകുപ്പുകളുടെ പങ്കാളിത്തമുണ്ടാവും. കേരള രുചിക്കൂട്ടുകൾ ഉൾപ്പെടുത്തിയ ഫുഡ് കോർട്ട് കുടുംബശ്രീ സജ്ജമാക്കും.കെ.ടി.ഡി.സിക്കും ഫുഡ്കോർട്ട് അനുവദിക്കും.
സർക്കാർ ഏജൻസികൾ, സ്വകാര്യ കലാസംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെയാവും കലാസന്ധ്യകൾ സംഘടിപ്പിക്കുക. ഓരോ ജില്ലയുടെയും നിലവിലെ പുരോഗതി, ഭാവിയിലേക്കുള്ള ചുവടു വയ്പ്പുകൾ എന്നിവ കൂടി കണക്കിലെടുത്ത് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സെമിനാറുകൾ സംഘടിപ്പിക്കും.