തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീമിനെ ( 40 ) രാജ്യസഭാസ്ഥാനാർത്ഥിയായി സി.പി.എം പ്രഖ്യാപിച്ചു. യുവ പ്രാതിനിദ്ധ്യം പരിഗണിച്ചാണ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ റഹീമിനെ സ്ഥാനാർത്ഥിയാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത അവെയ്‌ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു തീരുമാനം.
ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതും റഹീമിന് തുണയായി. ചാനൽ ചർച്ചകളിൽ സി.പി.എമ്മിന്റെ ശക്തനായ വക്താവാണ് റഹീം. ഇസ്ലാമിക് ഹിസ്റ്ററിയിൽ ബി. എ, എം. എ ബിരുദങ്ങളും നിയമബിരുദവും ജേർണലിസത്തിൽ ഡിപ്ലോമയും നേടി. കുറച്ചു കാലം കൈരളി ടി.വിയിൽ മാദ്ധ്യമപ്രവർത്തകനായി. ഇപ്പോൾ കേരള സർവകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയാണ്.
കേരള സർവകലാശാല യൂണിയൻ ചെയർമാനും സിൻഡിക്കേറ്റംഗവും ആയിരുന്നു. യുവധാര മാസികയുടെ എഡിറ്ററായിരുന്നു. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ചുമതലകളും വഹിച്ചു. നിരവധി വിദ്യാർത്ഥി, യുവജന പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു. 2011ൽ വർക്കലയിൽ മത്സരിച്ചിരുന്നു. ഭാര്യ കടയ്‌ക്കൽ സ്വദേശി അമൃത സതീശൻ കേന്ദ്രസർവകലാശാലയിൽ നിയമ ഗവേഷക. രണ്ട് ആൺമക്കൾ, രണ്ടാം ക്ലാസ് വിദ്യാർത്ഥി ഗുൽമോഹറും രണ്ട് വയസുള്ള ഗുൽനാറും.