photo

നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന് വീണ്ടും ജീവൻ വയ്ക്കുന്നതിന്റെ സൂചനകൾ സ്വാഗതാർഹമാണ്. നേരത്തെ സമർപ്പിച്ച റിപ്പോർട്ടിൽ പിഴവുകൾ ചൂണ്ടിക്കാട്ടി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ മടക്കിയതോടെ രണ്ടുവർഷത്തിലധികമായി പദ്ധതി വെളിച്ചത്തില്ലായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഡൽഹിയിൽ സമ്മേളിച്ച സിവിൽ ഏവിയേഷൻ - ടൂറിസം - സാംസ്കാരിക വകുപ്പുകളുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതിയിലാണ് പ്രശ്നം വീണ്ടുമുയർന്നത്. വിമാനത്താവളത്തിന് എത്രയും വേഗം അനുമതി നൽകി നിർമ്മാണം ആരംഭിക്കണമെന്നാണ് സമിതി കേന്ദ്ര സർക്കാരിനോടു ശുപാർശ ചെയ്തത്. കോടിക്കണക്കിന് തീർത്ഥാടകർ ദർശനത്തിനെത്തുന്ന ശബരിമലയുടെ പ്രാധാന്യം കണക്കിലെടുത്ത് വിമാനത്താവളം യാഥാത്ഥ്യമാകാൻ ഏറ്റവുമധികം താത്‌പര്യമെടുക്കേണ്ടത് വ്യോമയാനമന്ത്രാലയം തന്നെയാണെന്ന് സമിതിയോഗത്തിൽ എം.പിമാർ അഭിപ്രായപ്പെട്ടിരുന്നു. ന്യൂനതകൾ ചൂണ്ടിക്കാട്ടി പദ്ധതി തള്ളുകയല്ല ന്യൂനതകൾ തിരുത്തി പുതിയ റിപ്പോർട്ട് ആവശ്യപ്പെടണം. നിർദ്ദിഷ്ട റൺവേയുടെ നീളം 2.7 കിലോമീറ്റർ എന്നത് 3.40 കിലോമീറ്ററായി വർദ്ധിപ്പിച്ചാലേ വലിയ വിമാനങ്ങൾക്ക് ഇറങ്ങാനാവൂ. കൂടുതൽ സ്ഥലം ഏറ്റെടുക്കണമെങ്കിൽ അതിനുള്ള നടപടിയുമെടുക്കണം. എയർപോർട്ടിന്റെ ഡിസൈനിലും വ്യോമയാനവകുപ്പ് ന്യൂനതകൾ കണ്ടെത്തിയിരുന്നു. എളുപ്പം പരിഹരിക്കാവുന്ന ന്യൂനതകളാണിവ. അതൊക്കെ തിരുത്തി പുതിയ അപേക്ഷ സമർപ്പിക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ടുവരണം. കേന്ദ്രത്തിന്റെ അനുകൂല സൂചനകൾ ലഭിച്ച പശ്ചാത്തലത്തിൽ സാമർത്ഥ്യത്തോടെ കരുക്കൾ നീക്കിയാൽ കേന്ദ്രാനുമതി വാങ്ങി വിമാനത്താവള നിർമ്മാണം വേഗത്തിലാക്കാം.

സംസ്ഥാനത്ത് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ളപ്പോൾ എന്തിന് ഒന്നുകൂടിയെന്ന് സന്ദേഹിക്കുന്നവരുണ്ടാകും. ഏതു പദ്ധതിയുടെയും കാര്യത്തിലുണ്ടാകുന്ന എതിർപ്പും പ്രതിഷേധവും ശബരിമല വിമാനത്താവള വിഷയത്തിലുണ്ടാവും. എന്നാൽ യാത്രാസൗകര്യങ്ങൾ എത്ര വർദ്ധിച്ചാലും സംസ്ഥാനത്തിന് മുതൽക്കൂട്ടാവുകയേയുള്ളൂ. അതിനായി മുടക്കുന്ന പണം ഒരിക്കലും പാഴാകില്ല. ശബരിമല വിമാനത്താവളത്തിനൊപ്പം അങ്കമാലി - ശബരി റെയിൽപാത കൂടി യാഥാർത്ഥ്യമാക്കണം.

വ്യോമയാനമേഖല അഭിമുഖീകരിക്കുന്ന ചില പ്രധാന പ്രശ്നങ്ങളും പാർലമെന്റ് സമിതി യോഗത്തിൽ ചർച്ചയ്ക്കുവന്നിരുന്നു. വിമാനങ്ങളിൽ എല്ലാ സീറ്റുകളിലും ഒരേ നിരക്കായിരിക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. നിലവിൽ കൂടുതൽ സൗകര്യപ്രദമായ സീറ്റുകളിലിരിക്കാൻ അധികനിരക്ക് നൽകേണ്ടിവരുന്നു. 150 രൂപ മുതൽ 1000 രൂപ വരെ കൂടുതൽ നൽകണം. വിമാനക്കമ്പനികൾ നിശ്ചയിക്കുന്ന യാത്രാനിരക്കിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്ന കേന്ദ്രനിലപാടിനെയും യാത്രക്കാരെ പലതട്ടിൽ കാണുന്ന സമീപനത്തെയും എം.പിമാർ വിമർശിച്ചു. .

വ്യോമസഞ്ചാരമേഖല പത്തുവർഷത്തിനകം വൻ പുരോഗതി പ്രാപിക്കുമെന്നതിനാൽ രാജ്യത്ത് കൂടുതൽ വിമാനത്താവളങ്ങളും പൈലറ്റുമാരും സാങ്കേതിക ജീവനക്കാരും ആവശ്യമായിവരും. അതു നേരിടാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങേണ്ടതുണ്ട്. അഞ്ചുവർഷത്തിനകം വിമാനക്കമ്പനികൾക്ക് ആയിരം പൈലറ്റുമാരെയെങ്കിലും വേണ്ടിവരുമെന്നാണ് വിദഗ്ദ്ധർ കണക്കുകൂട്ടുന്നത്. ഒപ്പം എയർ ട്രാഫിക് കൺട്രോളർമാരുടെ ഒഴിവുകളും വരും. കൂടുതൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ച് യുവതീയുവാക്കളെ പരിശീലിപ്പിച്ചെടുക്കാൻ കഴിയണം. അതിസമ്പന്നർക്കു മാത്രമുള്ളതായി വ്യോമയാന പരിശീലനം മാറരുത്. വിമാനയാത്ര ഇക്കാലത്ത് സാധാരണക്കാർക്കു വേണ്ടിയുള്ളതാണ്. അതു കണക്കിലെടുത്ത് യാത്രാസൗകര്യങ്ങൾ പരമാവധി വർദ്ധിപ്പിക്കേണ്ടത് സർക്കാരിന്റെ കർത്തവ്യമാണ്. ചെറുവിമാനങ്ങളുടെ സർവീസ് സാർവത്രികമാക്കിയാൽ കുറഞ്ഞ ചെലവിൽ യാത്ര സാദ്ധ്യമാകും. ഇത്തരം വിമാനങ്ങൾക്കിറങ്ങാവുന്ന ചെറിയ വിമാനത്താവളങ്ങൾ എല്ലാഭാഗത്തും നിർമ്മിക്കണം. ജില്ലകൾ തോറും ഹെലിപാഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവും എം.പിമാർ മുന്നോട്ടുവച്ചിട്ടുണ്ട്. സജീവ പരിഗണന ലഭിക്കേണ്ട വിഷയങ്ങളാണിതൊക്കെ.