ഗ്രേഡ് കുറഞ്ഞാൽ പരിശീലനം നിർബന്ധം
പരിഗണിക്കുക കാര്യശേഷി മാത്രം
തിരുവനന്തപുരം: ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിന് ജനങ്ങളോടുള്ള പെരുമാറ്റരീതിയും ഇനി വിഷയമാകും. സർക്കാർ ഉദ്യോഗസ്ഥരുടെ വാർഷിക കോൺഫിഡൻഷ്യൽ റിപ്പോർട്ടിന് പുതിയ ഗ്രേഡിംഗ് രീതി നിലവിൽ വരുന്നതോടെയാണ് കാര്യശേഷിക്കു പുറമേ, സേവനങ്ങൾ തേടി ഓഫീസിലെത്തുന്നവരോടുള്ള പെരുമാറ്റ മര്യാദ കൂടി പ്രൊമോഷന് പരിഗണിക്കപ്പെടുക. ജോലിസമയത്ത് പതിവായി സീറ്റിൽ ഇല്ലാതിരിക്കുന്നതും ഫയലുകൾ അകാരണമായി താമസിപ്പിക്കുന്നതുമൊക്കെ ഉദ്യോഗക്കയറ്റത്തിന് കുരുക്കാകും.
ഭരണപരിഷ്കാര കമ്മിഷന്റെ നാലാം റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് കഴിഞ്ഞ ദിവസം സർവീസ് ചട്ട പരിഷ്കരണം സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിച്ചത്. ജനങ്ങളിൽ നിന്നു ലഭിക്കുന്ന പരാതികൾ പരിശോധിച്ച് മേലുദ്യോഗസ്ഥരാകും പെരുമാറ്റ മികവിന്റെ ഗ്രേഡ് നിർണയിക്കുക. ഉദ്യോഗക്കയറ്റത്തിന് ആധാരമാക്കുന്ന കോൺഫിഡൻഷ്യൽ റിപ്പോർട്ടിന് നിലവിലെ എ, ബി, സി, ഡി ഗ്രേഡിംഗ് സമ്പ്രദായത്തിനു പകരം ഒന്നു മുതൽ പത്തു വരെ സംഖ്യാക്രമത്തിൽ ഗ്രേഡിംഗ് ഏർപ്പെടുത്തുന്നതോടെ (ന്യൂമെറിക്കൽ ഗ്രേഡിംഗ്) അഞ്ചിൽ കുറവ് ഗ്രേഡുകാർ നിർബന്ധിത പരിശീലനത്തിന് പോകേണ്ടിവരും.
ജനങ്ങളോടുള്ള പെരുമാറ്റം കൂടി സർവീസ് ചട്ടങ്ങളുടെ ഭാഗമാകുമെന്നതാണ് പുതിയ ഗ്രേഡിംഗിന്റെ പ്രത്യേകത. ഇതുൾപ്പെടെയുള്ള പരിഷ്കാരങ്ങളിൽ സർവീസ് സംഘടനകൾ അതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞു.
സ്പെഷ്യൽ കാറ്റഗറി ഒഴികെ എല്ലാ ഗസറ്റഡ് ഓഫീസർമാർക്കും പുതിയ ഗ്രേഡിംഗ് ബാധകമായിരിക്കും.
ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയാണ് കോൺഫിഡൻഷ്യൽ റിപ്പോർട്ട് നൽകാനുള്ള കലണ്ടർ വർഷം
ഗ്രേഡിംഗ്:
നിലവിലെ രിതി
ജോലിയിലെ മികവ്, കൃത്യനിഷ്ഠ, സമ്മർദ്ദങ്ങളിലുള്ള പ്രതികരണം തുടങ്ങി ഒമ്പത് ഇനങ്ങളിലെ ചോദ്യങ്ങൾക്ക് രേഖപ്പെടുത്തുന്ന ഉത്തരങ്ങളുടെ അടിസ്ഥാനത്തിൽ എ, ബി, സി, ഡി ഗ്രേഡ്.
തൊട്ടു മുകളിലുള്ള രണ്ട് ഉദ്യോഗസ്ഥരാണ് (റിപ്പോർട്ടിംഗ് ഓഫീസർ, റിസീവിംഗ് ഓഫീസർ) ഗ്രേഡ് നിശ്ചയിക്കുന്നത്. ചില ഘട്ടങ്ങളിൽ മൂന്ന് ഉദ്യോഗസ്ഥർ
എ ആണ് ഉയർന്ന ഗ്രേഡ്. സി ഗ്രേഡ് വരെ കിട്ടുന്നവർക്ക് പ്രൊമോഷന് തടസമുണ്ടാവില്ല.
പുതിയ രീതി:
ഒന്നു മുതൽ 10 വരെ നമ്പർ ക്രമത്തിൽ ഗ്രേഡ്. കുറഞ്ഞ ഗ്രേഡ് ഒന്നും കൂടിയത് പത്തും.
ഗ്രേഡ് അഞ്ചോ അതിൽക്കുറവോ ആണെങ്കിൽ പരിശീലനം. ഒന്നും രണ്ടും സ്കോർ തീരെ മോശം. 6,7,8 മികച്ചത്. 9,10 അത്യുത്തമം.
വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, അവധികൾ, പരിശീലനം, പുരസ്കാരം തുടങ്ങിയവ പരിഗണിക്കും. ജോലിയുമായി ബന്ധപ്പെട്ട് സ്വയം തയ്യാറാക്കുന്ന 100 വാക്കിലുള്ള കുറിപ്പുകളാണ് രണ്ടാം ഭാഗത്ത്.
മൂന്നാം ഭാഗത്തു വരുന്ന 20 ഇനങ്ങളെ അടിസ്ഥാനമാക്കി മേലുദ്യോഗസ്ഥർ സ്കോർ നൽകും. ടീം വർക്ക് മുതൽ സ്വയം പ്രചോദിപ്പിക്കാനുള്ള ശേഷി വരെയാണ് പരിഗണിക്കപ്പെടുക.