
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും 'നിലവാര'ത്തിൽ ഏറ്റുമുട്ടി. തിരുവനന്തപുരം ഗവ. ലോ കോളേജിലെ സംഘർഷമാണ് നിമിത്തം. കെ.എസ്.യു പെൺകുട്ടിയെ എസ്.എഫ്.ഐ വളഞ്ഞിട്ട് തല്ലുന്നത് പൊലീസ് നോക്കിനിന്നെന്ന് പ്രതിപക്ഷനേതാവ് ഉപക്ഷേപത്തിലാരോപിച്ചു. എസ്.എഫ്.ഐക്കാരെയും ഗുണ്ടകളെയും തിരിച്ചറിയാനാവുന്നില്ലെന്ന് അദ്ദേഹം കോപാക്രാന്തനായി. കേരളത്തിലെ പ്രബലമായ വിദ്യാർത്ഥിപ്രസ്ഥാനത്തിനെതിരെ ഉറഞ്ഞുതുള്ളുന്ന കെ.എസ്.യു, യൂത്ത് കോൺഗ്രസ് നിലവാരത്തിലേക്ക് പ്രതിപക്ഷനേതാവ് പതിച്ചെന്ന് മുഖ്യമന്ത്രിയും കോപാക്രാന്തനായി. ബഹളമുണ്ടാക്കുന്ന പിൻനിര പ്രതിപക്ഷക്കാരുടെ നിലയിലേക്ക് പ്രതിപക്ഷനേതാവ് അധ:പതിക്കാമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. അവർ ഓട് പൊളിച്ചെത്തിയവരല്ലാത്തതിനാൽ തനിക്കും അവർക്കും ഒരേ നിലവാരമാണെന്നാണ് പ്രതിപക്ഷനേതാവിന്റെ യുക്തി. ഇങ്ങനെ പിണറായി-സതീശൻ യുക്തികൾ ഏറ്രുമുട്ടിയപ്പോൾ സംഗതി ഗുലുമാലായി.
ലോ കോളേജിൽ തീരുമാനമുണ്ടായാലും ഇല്ലെങ്കിലും വാക്കൗട്ട് നടത്തി പ്രതിപക്ഷം കൂടുതൽ 'അൽക്കുൽത്ത് ' ഒഴിവാക്കി.
നിത്യോപയോഗ സാധന വിലക്കയറ്റം പ്രതിപക്ഷം ശൂന്യവേളയിൽ അടിയന്തരപ്രമേയമായി കൊണ്ടുവന്നു. മന്ത്രി ജി.ആർ. അനിൽ സപ്ലൈകോയിലെ പയർ, പരിപ്പാദികളുടെ വിലനിലവാരം നിരത്തി വിപണി ഇടപെടലിന്റെ ആത്മാർത്ഥത വിവരിച്ചു. വിലനിലവാരം ഭദ്രമാണെന്ന് മന്ത്രിക്ക് സ്വന്തം വീട്ടിൽ പോയി പറയാമോ എന്ന് പ്രമേയനോട്ടീസ് നൽകിയ റോജി എം.ജോൺ ചോദിച്ചു. സപ്ലൈകോയിലെയും പൊതുവിപണിയിലെയും കണക്കു വ്യത്യാസം മന്ത്രി വായിച്ചതിൽത്തന്നെ വിപണിയിടപെടലിലെ സർക്കാർ പരാജയം തെളിഞ്ഞെന്ന് പ്രതിപക്ഷനേതാവ് തീർച്ചപ്പെടുത്തിയെങ്കിലും സർക്കാർ ജാഗരൂകരായാൽ മാത്രം മതിയെന്ന് ചിന്തിച്ച് വാക്കൗട്ടൊഴിവാക്കി.
46-47കാലത്ത് കോഴിക്കോട് പാളയത്ത് മുസ്ലിംലീഗുകാർ വിളിച്ച മുദ്രാവാക്യം ബഡ്ജറ്റ്ചർച്ചയ്ക്കിടയിൽ ഓർത്തെടുത്തത് കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്ററാണ്. പത്തിഞ്ച് കത്തി കൊണ്ട് കുത്തിവാങ്ങും പാക്കിസ്ഥാനെന്ന് മുദ്രാവാക്യം വിളിച്ചവരാരും പാക്കിസ്ഥാനിൽ പോയില്ല. പക്ഷേ പിൻഗാമികളിപ്പോൾ മതമൗലികവാദികളാകുന്നതിൽ മാസ്റ്റർ കുണ്ഠിതപ്പെട്ടു. വഖഫ് പ്രശ്നത്തിലെ സമരമാണ് മാസ്റ്ററെ ആശങ്കപ്പെടുത്തിയത്. പരിശുദ്ധ റമദാൻ മാസത്തിൽ ഇവരുടെ മാറ്റിച്ചിന്തയ്ക്ക് പ്രേരണ കല്പിക്കേണമേയെന്ന് കമ്യൂണിസ്റ്റായിട്ടും മാസ്റ്റർ പ്രാർത്ഥിച്ചു .
പദ്ധതികളനുവദിക്കുന്നതിൽ ഭരണപക്ഷം, പ്രതിപക്ഷം, മന്ത്രിമാർ, മുതിർന്ന മന്ത്രിമാർ എന്നിങ്ങനെ നാല് സ്ലാബുകൾ എം.എൽ.എമാർക്കും ഏർപ്പെടുത്തിയെന്ന് ബഡ്ജറ്റ് പ്രഖ്യാപനം കേട്ട സജീവ് ജോസഫിന് തോന്നി. സാമ്പത്തിക അസമത്വ വൈറസിനെ ചെറുക്കാൻ എൽ.ഡി.എഫ് ലബോറട്ടറിയിൽ പരീക്ഷിച്ച് വിജയിപ്പിച്ച വാക്സിനാണ് ജി.എസ്. ജയലാലിന്റെ ഭാവനയിൽ ബഡ്ജറ്റ്.
വഖഫ് നിയമനക്കാര്യത്തിൽ മുഖ്യമന്ത്രി കൊടുത്ത ഇംപ്രഷനും വഖഫ് മന്ത്രി പറഞ്ഞതും രണ്ട് തരത്തിലാണെന്നത് സർക്കാരിന്റെ സുഖക്കേടിന്റെ ലക്ഷണമായി പി.കെ. കുഞ്ഞാലിക്കുട്ടി നിരീക്ഷിച്ചു. അതിനാൽ വാക്സിൻ അഭികാമ്യമത്രെ.
കേരളത്തിന് പുതിയ ദിശാബോധം കെട്ടിപ്പടുക്കാനുള്ള വാസ്തുഘടനയാണ് മന്ത്രി ബാലഗോപാലിന്റേതെന്നാണ് പ്രമോദ് നാരായണന്റെ വിലയിരുത്തൽ. പ്രതിപക്ഷം എത്ര വാവിട്ട് നിലവിളിച്ചാലും കേരളീയരുടെ ആഹ്ലാദാരവത്തിൽ ഒലിച്ചുപോകുമെന്ന് ആശ്വസിച്ചത് കെ.ഡി. പ്രസേനനാണ്.
പ്ലാനിംഗിൽ നിന്ന് പ്രോജക്ടിലേക്ക് മാറിയ സർക്കാർ ധനകാര്യവകുപ്പിനെ നോക്കുകുത്തിയാക്കിയെന്ന് സമർത്ഥിക്കാൻ പ്രതിപക്ഷനേതാവ് കിഫ്ബിയെ കൂട്ടുപിടിച്ചു. കിഫ്ബിയിലേക്കടച്ച സർക്കാരിന്റെ തനത് നികുതിവിഹിതത്തിന്റെ തോത് വച്ച് നോക്കിയാൽ സർക്കാർ നടപ്പാക്കിയതിലുമധികം പദ്ധതികൾ കിഫ്ബിയില്ലാതെ നടപ്പാക്കാനായേനെ എന്നദ്ദേഹം കണക്കുകളിലൂടെ സമർത്ഥിച്ചു.
സ്വപ്നബഡ്ജറ്റിന്റെ തിയറി ധനമന്ത്രി ബാലഗോപാൽ വിവരിച്ചു. "ഒരു സ്വപ്നവുമില്ലാത്തവർക്ക് ഒന്നും ചെയ്യാനാവില്ല, സാർ"- അദ്ദേഹം പ്രതിപക്ഷത്തെ നോക്കി പറഞ്ഞു. അദ്ദേഹത്തിന്റെ ബഡ്ജറ്റ് വെറും സ്വപ്നങ്ങളല്ല. ലോകത്തുണ്ടായ കണ്ടുപിടുത്തങ്ങളിൽ നിന്നുള്ള സ്വപ്നങ്ങളാണ്.