photo

മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തി സംസ്ഥാനത്ത് ജോലിചെയ്യുന്ന തൊഴിലാളികൾ എത്രയെന്ന് ഒരു കണക്കുമില്ല. രജിസ്ട്രേഷൻ പൂർത്തിയാക്കി ആധികാരികമായ പട്ടിക തയ്യാറാക്കി സൂക്ഷിക്കാൻ തൊഴിൽവകുപ്പിനോ പൊലീസിനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവരുടെ കണക്ക് ആവശ്യപ്പെടുന്ന ഘട്ടത്തിൽ ഊഹക്കണക്കുമായാകും അധികൃതർ മുന്നോട്ടുവരുന്നത്. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട ക്രിമിനൽകേസ് ഉത്ഭവിക്കുമ്പോഴാകും കുറ്റമറ്റ രജിസ്റ്ററിന്റെ അഭാവം ബോദ്ധ്യമാകുന്നത്. തൊഴിൽതേടി ഇവിടെയെത്തി സ്ഥിരവാസമാക്കിയ പതിനായിരക്കണക്കിനു അന്യദേശക്കാരുണ്ട്. കുറെപ്പേരെങ്കിലും യഥാർത്ഥ വിവരങ്ങൾ മറച്ചുവച്ചാണ് ഇവിടെ കഴിയുന്നതെന്നത് രഹസ്യമൊന്നുമല്ല. വ്യാജ ഐ.ഡികാർഡ് സമ്പാദിച്ചുകൊണ്ടാവും ഇത്തരക്കാർ കളത്തിലിറങ്ങുന്നത്. കേസിലുൾപ്പെട്ട് പൊലീസ് പിടയിലാകുമ്പോഴാകും കള്ളിവെളിച്ചത്താകുന്നത്.

തൊഴിൽ വകുപ്പുമന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം നിയമസഭയിൽ വച്ച കണക്കനുസരിച്ച് അഞ്ചരലക്ഷത്തോളം തൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ പണിയെടുത്ത് ജീവിക്കുന്നത്. അന്യദേശ തൊഴിലാളികളുടെ വിവരശേഖരണത്തിനായി സർക്കാർ 'ആവാസ് പദ്ധതി" നടപ്പാക്കിയിട്ടുണ്ട്. അന്യദേശക്കാർ പദ്ധതിയിൽ അംഗത്വമെടുക്കണമെന്നാണ് നിബന്ധന. നാലിലൊന്നു പേരേ ഇതിനായി മുന്നോട്ടുവന്നിട്ടുള്ളൂ എന്നാണ് മന്ത്രി വെളിപ്പെടുത്തിയ കണക്ക് വ്യക്തമാക്കുന്നത്. ആവാസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് കാർഡ് വാങ്ങിയവർ 513359 മാത്രമാണെന്ന് മന്ത്രി പറയുന്നു. അതിനർത്ഥം ഭൂരിഭാഗവും രജിസ്റ്റർ ചെയ്യാതെ മാറിനിൽക്കുന്നു എന്നാണ്. മുൻപും അന്യദേശ തൊഴിലാളികളുടെ പൂർണ കണക്കെടുക്കാൻ ശ്രമം നടന്നിട്ടുണ്ട്. അന്യദേശക്കാരെ വച്ച് ജോലി ചെയ്യിക്കുന്ന കരാറുകാരും ഏജൻസികളും അവരുടെ വിവരങ്ങൾ കൃത്യമായി എഴുതി സൂക്ഷിക്കണമെന്നും ആവശ്യപ്പെടുന്ന ഘട്ടങ്ങളിൽ സമർപ്പിക്കണമെന്നും സർക്കാർ നിബന്ധന വച്ചിരുന്നു. അവരുടെ സംഖ്യ വർദ്ധിക്കുകയും നാനാമേഖലകളിലും അവർ വ്യാപകമാവുകയും ചെയ്തതോടെ നിബന്ധനകൾ കാറ്റിൽ പറക്കുകയായിരുന്നു. അക്രമസംഭവങ്ങളോ കുറ്റകൃത്യങ്ങളോ ഉണ്ടാകുമ്പോൾ മാത്രമേ പൊലീസും ഇവരിലേക്കു ശ്രദ്ധ തിരിക്കാറുള്ളൂ. അന്യദേശ തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന്റെ പക്കലും ഇല്ലെന്നറിയുന്നു. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങൾ കൂടാതെ ബംഗാൾ,ഛത്തീസ്‌ഗഢ്, ഒഡീഷ, ബീഹാർ, ജാർഖണ്ഡ്, യു.പി, അസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ധാരാളം തൊഴിലാളികൾ ഉപജീവനത്തിനായി കേരളത്തിലെത്തിയിട്ടുണ്ട്. മെച്ചപ്പെട്ട തൊഴിൽ - ജീവിത സാഹചര്യങ്ങളാണ് അവരെ ഇങ്ങോട്ട് ആകർഷിക്കുന്നത്. വേതനത്തിലും കേരളം അവർക്ക് പറുദീസയാണത്രേ. അന്യദേശക്കാർ കൂട്ടമായി സ്വന്തം നാട്ടിലേക്കു പോയാൽ ഇവിടെ നിർമ്മാണമേഖല ഉൾപ്പെടെ സ്തംഭിക്കുന്ന സ്ഥിതിയാണ്. സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇവരുടെ സാന്നിദ്ധ്യം ഒഴിച്ചുകൂടാനാവാത്തതായി മാറിക്കഴിഞ്ഞത് യാഥാർത്ഥ്യമാണ്.

അനൗദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 25 ലക്ഷത്തിനും 35 ലക്ഷത്തിനുമിടയ്ക്ക് അന്യദേശ തൊഴിലാളികൾ പണിയെടുത്തിരുന്നു. കൊവിഡും തുടർന്നുള്ള മാന്ദ്യവും വന്നപ്പോൾ ഇവരിൽ കുറെയധികം പേർ മടങ്ങിപ്പോയി. സ്ഥിതി മെച്ചപ്പെട്ടതോടെ പലരും തിരിച്ചുവന്നു. ഏതായാലും ഇവരെ സംബന്ധിക്കുന്ന സകല വിവരങ്ങളും ഉൾപ്പെടുത്തി ആധികാരികമായ രജിസ്റ്റർ തയ്യാറാക്കി സൂക്ഷിക്കേണ്ടത് അത്യാവശ്യം തന്നെ. തൊഴിൽ വകുപ്പ് ഇത് ദൗത്യമായി കണക്കാക്കി തുടർനടപടികൾ സ്വീകരിക്കണം. 'ആവാസ് പദ്ധതി" പൂർത്തിയാക്കാൻ ഓരോ ജില്ലയിലും പ്രത്യേക ദൗത്യസംഘങ്ങളെ നിയോഗിക്കാം. അതു സാദ്ധ്യമായാൽ സ്വന്തം നാട്ടിൽ കുറ്റകൃത്യങ്ങൾ നടത്തി ഇവിടെവന്ന് സുരക്ഷിതരായി കഴിയുന്ന വിരുതന്മാരെ എളുപ്പം കണ്ടെത്തി തിരിച്ചയയ്ക്കാം. നമ്മുടെ സുരക്ഷയ്ക്കും സാമൂഹ്യഭദ്രതയ്ക്കും അത് അത്യാവശ്യമാണ്.