ga

വെമ്പായം: ഗാന്ധിജിയുടെ പാദസ്പർശത്താൽ പുണ്യമായ വേറ്റിനാട് ഗാന്ധിജിയുടെ സ്മരണയ്ക്കായി ഉചിതമായ സ്മാരകം വേണമെന്ന നീണ്ട കാലത്തെ ആവശ്യം യാഥാർത്ഥ്യമായി.

വേറ്റിനാട് ഗാന്ധിസ്മാരക മണ്ഡപത്തിന്റെയും ടൂറിസ്റ്റ് ഫെസിലിറ്റേഷൻ കം ഇൻഫർമേഷൻ സെന്ററിന്റെയും ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. സർക്കാരിന്റെ 4.2 കോടി രൂപ ഉപയോഗിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.

പദ്ധതിയുടെ രൂപരേഖ കേന്ദ്ര സർക്കാർ സ്ഥാപനമായ എച്ച്.എൽ.എൽ തയ്യാറാക്കി. നിർമ്മാണച്ചുമതല കെ.ഇ.എൽ സ്ഥാപനത്തിനാണ്. ഇരു നിലകളിലുള്ള ഈ ഫെസിലിറ്റേഷൻ സെന്ററിൽ താഴത്തെ നിലയിൽ ഡൈനിംഗ് ഹാൾ, കിച്ചൺ, ടോയ്‌ലെറ്റ് എന്നിവയും മൂന്നാമത്തെ നിലയിൽ സ്മൃതിമണ്ഡപം മഹാത്മാഗാന്ധിയുടെ ഒരു ചെറിയ മ്യൂസിയം, ടോയ്‌ലെറ്റ് എന്നിവയുമാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ മഹാത്മാഗാന്ധിയുടെ ഒരു പ്രതിമയും ഫെസിലിറ്റേഷൻ സെന്ററിന് മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്. എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.വി. ശ്രീകാന്ത്, പഞ്ചായത്ത് പ്രസിഡന്റ് ബീനാ നയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീനാ അജിത്ത്, സി.പി.എം ഏരിയാ സെക്രട്ടറി ജയദേവൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, വാർഡ് മെമ്പർമാരായ ബിനു, പ്രഭാകുമാരി എന്നിവർ പങ്കെടുത്തു. ട്രസ്റ്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.

ചരിത്രം ഇങ്ങനെ

1934 ജനുവരിയിൽ ഗാന്ധിജിയുടെ നാലാം കേരള സന്ദർശനത്തിന്റെ ഭാഗമായി കേരളത്തിലുടനീളം സന്ദർശിച്ചു അധഃസ്ഥിതവർഗ്ഗക്കാർക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി പാലക്കാട്, ജില്ലയിൽ തുടങ്ങി കോഴിക്കോട് വഴി വർക്കലയിൽ എത്തി.

അവിടെനിന്ന് ഗാന്ധിജി വേറ്റിനാട് സമീപമുള്ള ഉൗരൂട്ടമ്പലം ക്ഷേത്രത്തിലെത്തി അവിടെ വിശ്രമിച്ചു. ഗാന്ധിജി വരുന്നുവെന്നറിഞ്ഞ് വൻ ജനാവലി തടിച്ചുകൂടിയിരുന്നു. ഗാന്ധിജിയെ കാണാൻ എത്തിയ താഴ്ന്ന ജാതിയിൽപ്പെട്ടവർ ദൂരെ മാറി നിൽക്കുന്നത് കണ്ട ഗാന്ധിജി അവരെയും അടുത്ത് വിളിച്ചു ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ പറഞ്ഞു. തുടർന്ന് അവിടെ കൂടിയ ജനാവലിയെ അഭിസംബോധന ചെയ്തശേഷമാണ് അദ്ദേഹം മടങ്ങിയത്.

ഗാന്ധിജിയോടൊപ്പം കസ്തൂർബാഗാന്ധിയും മറ്റു രണ്ടു പേരും ഉണ്ടായിരുന്നു. ഈ ചരിത്ര സംഭവത്തിന് ഓർമ്മയ്ക്കായി 1978 ൽ ഗാന്ധി സ്മാരക മണ്ഡപം എന്നപേരിൽ ഒരു കെട്ടിടം നാട്ടുകാർ പണികഴിപ്പിച്ചു. ഇതിനു ശേഷം ഇവിടെ ഒരു പൈതൃക സ്മാരകം ഉണ്ടാകണമെന്ന് ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടതിൻ പ്രകാരം മുൻ ടൂറിസം വകുപ്പ് മന്ത്രിയായ കടകംപള്ളി സുരേന്ദ്രൻ, മുൻ എം.എൽ.എ സി. ദിവാകരൻ എന്നിവരുടെ ഇടപെടലിന്റെ ഫലമായാണ് വേറ്റിനാട് ഗാന്ധിസ്മാരക മണ്ഡപം ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ കം ഇൻഫർമേഷൻ സെന്റർ ഇവിടെ യാഥാർത്ഥ്യമായത്.