തിരുവനന്തപുരം: സായാഹ്ന വേളകൾ ആനന്ദകരമാക്കാൻ നഗരത്തിൽ ഒരു പുതു ഇടം കൂടി ഒരുങ്ങുന്നു. കനകക്കുന്ന് കൊട്ടാരത്തിനും മ്യൂസിയത്തിനും സമീപം ജല അതോറിട്ടിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പാർക്കാണ് ക്യാപ്റ്റൻ ലക്ഷ്മി പാർക്കായി മുഖം മിനുക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾ 80 ശതമാനം പൂർത്തിയായി. ലാൻഡ്സ്കേപ്പിംഗ്, സ്കേറ്റിംഗ് ഏരിയ, ഫുഡ് കിയോസ്ക്, കുട്ടികൾക്ക് കളിക്കുന്നതിനുള്ള ഉപകരണങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇനി അവശേഷിക്കുന്നത്. നഗരത്തിൽ കുട്ടികൾക്കായി സ്കേറ്റിംഗ് ഏരിയ ഉൾപ്പെടുന്ന ഇത്തരമൊരു സംവിധാനം ഇതാദ്യമാണ്. 1.92 കോടി ചെലവിൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാർക്ക് നവീകരണം. വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ട് വളരെ മികച്ച രീതിയിലാണ് പാർക്ക് നവീകരിക്കുന്നത്. അടുത്ത മാസം പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്.
പദ്ധതിച്ചെലവ് - 1.92 കോടി രൂപ
പാർക്കിൽ എന്തൊക്കെ
സ്കേറ്റിംഗ് ഏരിയ ഉൾപ്പെടെ ഭക്ഷണശാല, വാട്ടർ കിയോസ്ക്, ടോയ്‌ലെറ്റ് സൗകര്യം, വാട്ടർ ഫൗണ്ടൻ, ഓപ്പൺ ജിം, കയർ പാലം എന്നിവയും ക്യാപ്റ്റൻ ലക്ഷ്മി പാർക്കിൽ ഒരുക്കുന്നുണ്ട്. ഇതോടൊപ്പം പാർക്കിന് ഒരു വശത്ത് മുതിർന്നവർക്ക് ഇരിക്കാൻ ബെഞ്ചുകളും പാർക്കിന് ചുറ്റും നിരവധി ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. കനകക്കുന്നിൽ ജല അതോറിട്ടിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പാർക്ക് കൃത്യമായി പരിപാലിക്കാതെ ശോച്യാവസ്ഥയിലായിരുന്നു. ഇതിനെതിരെ വ്യാപക വിമർശനവും ഉയർന്നിരുന്നു. സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മദിനത്തോടനുബന്ധിച്ച് കഴിഞ്ഞവർഷമാണ് കനകക്കുന്നിലെ പാർക്കിന് സ്വാതന്ത്ര്യസമര സേനാനിയും വനിത റെജിമെന്റ് ക്യാപ്റ്റനുമായിരുന്ന ക്യാപ്‌റ്റൻ ലക്ഷ്മിയുടെ പേര് നൽകാൻ സർക്കാർ തീരുമാനിച്ചത്.