mar16a

ആറ്റിങ്ങൽ: പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആറ്റിങ്ങൽ കുഴിമുക്ക് സ്വദേശി അരുൺരാജിനെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ സന്ദർശിച്ചു. സർക്കാരിന് അപമാനകരമായ തരത്തിൽ ക്രൂര കസ്റ്റഡിമർദ്ദനത്തിന് നേതൃത്വം നൽകിയ ആറ്റിങ്ങൽ എസ്.എച്ച്.ഒയെയും എസ്.ഐയെയും സസ്‌പെൻഡ് ചെയ്യണമെന്ന് അദ്ദേഹം പറ‍ഞ്ഞു.
മർദ്ദനത്തിൽ അരുൺരാജിന്റെ ഇടത് കാൽമുട്ടിന് താഴെ പൊട്ടലുണ്ട്. വയറിലും മുതുകത്തും ലാത്തിയടിയുടെയും ലാത്തികൊണ്ട് കുത്തിപ്പരിക്കേല്പിച്ചതിന്റെയും പാടുകളുണ്ട്. ഞായറാഴ്ചയായിരുന്നു സംഭവം. സംഘർഷം ഒത്തുതീർപ്പാക്കാനെത്തിയ യുവാവിനെയാണ് പൊലീസ് മർദ്ദിച്ചത്. നിരപരാധിയാണെന്ന് ബോദ്ധ്യപ്പെട്ടശേഷം യുവാവിനെ പിതാവിന്റെ ജാമ്യത്തിൽ പൊലീസ് അന്നുരാത്രി വിട്ടയച്ചു. തിങ്കളാഴ്ച രാവിലെ ഡിവൈ.എസ്.പിക്ക് പരാതി നൽകാൻ സ്റ്റേഷനിലെത്തിയ യുവാവിനെ പൊലീസ് രണ്ടുമണിക്കൂറോളം തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തി.
ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്റ്റേഷനിലെത്തി ഡിവൈ.എസ്.പിയുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് യുവാവിനെ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ ബി.പി. മുരളി, ആർ. രാമു, കെ.എസ്. സുനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗം വി.എ. വിനീഷ്, ഏരിയാ സെക്രട്ടറി എസ്. ലെനിൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ആർ. രാജു, എം.ബി. ദിനേശ്, ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ സെക്രട്ടറി സി. ചന്ദ്രബോസ് എന്നിവരും ആശുപത്രിയിലെത്തി.