വെള്ളറട: അതിർത്തിയിൽ എക്സൈസ് ഓഫീസില്ലാത്തതിനാൽ ലഹരി വസ്തുക്കളുടെ മൊത്തക്കച്ചവട പൊടിപൊടിക്കുന്നു. അതീവരഹസ്യമായി ഗോഡൗണുകളിൽ സൂക്ഷിച്ചശേഷം ഇടനിലക്കാർ വഴി ചെറുകിട കച്ചവടകാർക്ക് ആവശ്യാനുസരണം എത്തിച്ചുകൊടുക്കുന്നു. ഏറ്റവും കൂടുതൽ കഞ്ചാവും ലഹരിയുള്ള പാൻ ഉത്പന്നങ്ങൾ വരെ അതിർത്തിയിലെ പനച്ചമൂട് - പുലിയൂർശാല എന്നീ മേഖലകളിലാണ് മൊത്ത വ്യാപാരം നടക്കുന്നത്. ആഴ്ചയിൽ രണ്ടു ദിവസമുള്ള പനച്ചമൂട്ടിലെ പ്രധാന ചന്തദിവസം പുലർച്ചെ മുതൽ ചന്തക്കുള്ളിൽത്തന്നെ പാൻ ഉത്പന്നങ്ങൾ വ്യാപകമായി വില്പന നടത്തുന്നു. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് കൂടുതൽ യുവാക്കളും വിദ്യാർത്ഥികളുമാണ്. കവറിനു പുറത്ത് രേഖപ്പെടുത്തിയിട്ടുള്ള പാൻ ഉത്പന്നങ്ങൾക്ക് നാല് ഇരട്ടി വരെ ലാഭമാണ് കച്ചവടകാർക്ക് ലഭിക്കുന്നത്. എന്നാൽ കച്ചവടം വ്യാപകമായിട്ടും പൊലീസോ ആരോഗ്യ വകുപ്പ് അതികൃതരോ വില്പന തടയുന്നതിനോ കച്ചവടകാരെ പിടികൂടുന്നതിനോ തയ്യാറാകുന്നില്ല. ഇതുകാരണം അതിർത്തിഗ്രാമങ്ങളിൽ ലഹരിവസ്തുകളുടെ ഉപയോഗം ദിനംപ്രതി വർദ്ധിക്കുകയാണ്.
വില്പന തടയണം
വില്പന നിയന്ത്രിക്കാൻ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ ഗ്രാമത്തിലെ യുവാക്കളിൽ ഏറെയും വിവിധ മാരകരോഗങ്ങൾക്ക് അടിമയാകും എന്ന കാര്യം ഉറപ്പാണ്. കിലോമീറ്ററുകൾക്കപ്പുറം അമരവിളയിലാണ് എക്സൈസ് ഓഫീസുള്ളത്. കേരള തമിഴ്‌നാട് അതിർത്തിയായ വെള്ളറട കേന്ദ്രീകരിച്ച് ഒരു എക്സൈസ് ഓഫീസ് സ്ഥാപിച്ചാൽ ഒരു പരിധിവരെ ലഹരി കച്ചവടം നിയന്ത്രിക്കാൻ കഴിയും.
പരിശോധന വേണം
വല്ലപ്പോഴും അമരവിളയിൽ നിന്നും എത്തുന്ന എക്സ്സൈസ് അധികൃതരുടെ പരിശോധന മാത്രമാണ് ഇപ്പോൾ നടക്കുന്നത്. പരിശോധന ദിവസങ്ങളിൽ കഞ്ചാവ് കച്ചവടക്കാർ പിടിയിലാവുക പതിവാണ്. ഗ്രാമങ്ങളിൽ യുവാക്കളിൽ ലഹരി ഉപയോഗം തടയുന്നതിന് ഒരു പരിധിവരെ അതിർത്തിയിലെ പരിശോധനകൾ സഹായിക്കുമായിരുന്നു.