തിരുവനന്തപുരം: ഊരൂട്ടമ്പലം ഗവൺമെന്റ് യു.പി സ്‌കൂളിന് മഹാത്മാ അയ്യങ്കാളി പഞ്ചമി മെമ്മോറിയൽ സ്‌കൂളെന്ന് പുനർനാമകരണം ചെയ്യുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.വിദ്യാഭ്യാസ ചട്ടങ്ങൾ ചട്ടം 3(7), അദ്ധ്യായം 5പ്രകാരമുള്ള അധികാരം ഉപയോഗിച്ച് സ്‌കൂൾ പി.റ്റി.എയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും തീരുമാനങ്ങൾ കൂടി
പരിഗണിച്ചശേഷം സ്‌കൂളിന് മഹാത്മാ അയ്യങ്കാളി പഞ്ചമി മെമ്മോറിയൽ എന്ന് പുനർനാമകരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാൻ തിരുവനന്തപുരം
വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം നൽകി. സ്‌കൂൾ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി, മദർ പി.ടി.എ എന്നിവ സംയുക്ത യോഗം ചേർന്ന് സ്‌കൂൾ പുനർനാമകരണം സംബന്ധിച്ചുള്ള തീരുമാനം എടുത്തിട്ടുണ്ട്. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ തീരുമാനം ലഭ്യമായിട്ടില്ല. അതുകൂടി അടിയന്തരമായി ലഭ്യമാക്കി സ്‌കൂളിന്റെ പുനർനാമകരണം ഉടനടി നടത്താൻ ഉദ്യോഗസ്ഥർക്ക് നർദ്ദേശം നൽകുമെന്നും ഐ.ബി. സതീഷിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.