
ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിൽ നായകൻ ഷറഫുദ്ദീൻ, ചിത്രീകരണം മേയിൽ
അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം ഭാവന വീണ്ടും മലയാള സിനിമയിൽ അഭിനയിക്കുന്നു. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും എത്തുമ്പോൾ ഷറഫുദ്ദീൻ ആണ് നായകൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. ചിത്രത്തിന്റെ കഥയും എഡിറ്റിംഗും ആദിലിന്റേതാണ്. വിവേക് ഭരതനാണ് സംഭാഷണം ഒരുക്കുന്നത്. സഹോദരി സഹോദര ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് വിവരം. ബോൺഹോമി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് അരുൺ റുഷ്ദി ഛായാഗ്രഹണവും അനീസ് നാടോടി കലാസംവിധാനവും നിർവഹിക്കുന്നു. നിശാന്ത് രാം , ജോക്കർ ബൂസ് എന്നിവർ ചേർന്നാണ് സംഗീത സംവിധാനം. ഗാനങ്ങൾ വിനായക് ശശികുമാർ. ശബ്ദലേഖനം ശബരിദാസ്. പ്രൊഡക്ഷൻ കൺട്രോളർ അലക്സ് ഇ. കുര്യൻ. മേയ് മാസം ചിത്രീകരണം ആരംഭിക്കും. അതേസമയം പൃഥ്വിരാജ് ചിത്രം ആദം ജോണാണ് ഭാവന അവസാനം അഭിനയിച്ച മലയാള ചിത്രം.
കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ പരിമളം എന്ന കഥാപാത്രമായി വെള്ളിത്തിരയിൽ എത്തിയ ഭാവന ക്രോണിക് ബാച്ചിലർ, സി.ഐ.ഡി. മൂസ, ഇവർ, സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു, ചാന്തുപ്പൊട്ട്, നരേൻ, ബസ് കണ്ടക്ടർ, ഉദയനാണ് താരം, സാഗർ ഏലിയാസ് ജാക്കി റിലോഡ്, ട്രിവാൻഡ്രം ലോഡ്ജ് ഹണിബീ എന്നീ സിനിമകളിൽ ശ്രദ്ധേയ അഭിനയം കാഴ്ചവച്ചു. തമിഴിൽ ചിത്തിരം പേശു തൊടി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം നടത്തിയത്. വെയിൽ, ജയംകൊണ്ടെൻ എന്നിവയാണ് ശ്രദ്ധേയ തമിഴ് ചിത്രങ്ങൾ. മലയാളത്തിൽ നിന്ന് വിട്ടുനിന്നപ്പോഴും കന്നടയിൽ സജീവ സാന്നിദ്ധ്യം അറിയിച്ചു. മൈത്രി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. മുകുന്ദ മുറൈ, തഗരു, ഇൻസ്പെക്ടർ വിക്രം, ശ്രീകൃഷ്ണ അറ്റ് ജീമെയിൽ ഡോട് കോം, ബജരംഗി 2 എന്നീ ചിത്രങ്ങൾ ഏറെ കന്നട ആരാധകരെ തേടി കൊടുത്തു.
99 എന്ന തമിഴ് ചിത്രത്തിൽ തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രമായി കന്നടയിൽ ഭാവന ശക്തമായ പകർന്നാട്ടം തന്നെ നടത്തി. ഗോവിന്ദ ഗോവിന്ദ ആണ് കന്നടയിൽ അവസാനം പുറത്തിറങ്ങിയ ഭാവനയുടെ ചിത്രം.