തിരുവനന്തപുരം: ജനങ്ങൾക്ക് കൂടുതൽ സേവനം നൽകുന്ന നിലയിലേക്ക് പ്രവർത്തനം മാറ്റാനുള്ള ശ്രമത്തിലാണ് ഭക്ഷ്യപൊതുവിതരണ വകുപ്പെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 30 പദ്ധതികൾക്ക് രൂപം കൊടുത്തതായും മന്ത്രി അറിയിച്ചു. റേഷൻകട ലൈസൻസികൾ,മണ്ണെണ്ണ മൊത്ത വ്യാപാരികൾ, മുൻ റേഷൻമൊത്ത വ്യാപാരികൾ എന്നിവർ വിവിധ ഇനങ്ങളിൽ സർക്കാരിലേക്ക് അടയ്ക്കാനുള്ള തുക പിരിച്ചെടുക്കുന്നതിനായി ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സംസ്ഥാനതല കുടിശിക നിവാരണ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഡോ.സജിത്ബാബു അദ്ധ്യക്ഷത വഹിച്ചു.ചീഫ് അക്കൗണ്ട്‌സ് ഓഫീസർ വി.സുഭാഷ്, ജില്ലാ സപ്ലൈ ഓഫീസർ സി.എസ്.ഉണ്ണിക്കൃഷ്ണകുമാർ, താലൂക്ക് സപ്ലൈ, സിറ്റി റേഷനിംഗ് ഓഫീസർമാർ, വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
 22 റേഷനിംഗ് കേസുകൾ തീർപ്പായി
ജില്ലയിലെ 6 താലൂക്കുകളിലും 2 സിറ്റി ഓഫീസുകളിലുമായി റേഷനിംഗുമായി ബന്ധപ്പെട്ട 81 കേസുകളിൽ 22 എണ്ണം തീർപ്പായി.22 കേസുകളിൽ നിന്ന് 20 വർഷം വരെ പഴക്കമുള്ള കുടിശിക തുകയടക്കം 3.93 ലക്ഷം പിരിച്ചെടുത്തു.രണ്ട് കേസുകളിൽ പ്രത്യേക പരിഗണന നൽകി 31വരെ സമയം അനുവദിച്ചു. ബാക്കിയുള്ള 57 കേസുകളിൽ കുടിശിക തുക പിരിച്ചെടുക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കും.നേരത്തെ ഉണ്ടായിരുന്ന 9 കേസുകളിലായി 15,558 രൂപയും സർക്കാരിലേക്ക് അടച്ചു.മറ്റ് 13 ജില്ലകളിലും ഘട്ടംഘട്ടമായി കുടിശിക നിവരാണയജ്ഞം സംഘടിപ്പിക്കും.