k

തിരുവനന്തപുരം: 26ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത് 14 സിനിമകൾ. മലയാളത്തിൽ നിന്ന് നിഷിദ്ധോ,​ ആവാസവ്യൂഹം എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.

സിനിമകൾ

1)​ അനറ്റോലിയൻ ലെപ്പേഡ്
സംവിധായകൻ: എമ്റെ കയിസ്
രാജ്യം: തുർക്കി

കഥാചുരുക്കം: തുർക്കിയിലെ ഒരു മൃഗശാലയിൽ പ്രായമേറിയ അനറ്റോലിയയൻ എന്ന പുള്ളിപ്പുലി ചത്തുപോകുന്നു. മരണവാർത്ത മറച്ചുവയ്‌ക്കാൻ മാനേജരും വനിതാ ഓഫീസറും ചേർന്ന് ശ്രമിക്കുന്നു.

2)​കമീല കംസ് ഔട്ട് നൈറ്റ്
സംവിധായകൻ: ഐനെസ് ബാരിയോന്യൂവോ
രാജ്യം: അർജന്റീന

കഥാചുരുക്കം: മുത്തശ്ശി ഗുരുതരാവസ്ഥയിലായതോടെ കമീലയ്‌ക്ക് തന്റെ സുഹൃത്തുക്കളെ ഉപേക്ഷിച്ച് താമസം മാറ്റേണ്ടിവരുന്നു. പരമ്പരാഗത സ്‌കൂളിലേക്കുള്ള മാറ്റത്തോട് പൊരുത്തപ്പെടാനാകുന്നില്ല

3)​ ക്യാപ്ടൻ വൊൾക്കാനോഗോവ് എസ്‌കേപ്പ്ഡ്
സംവിധായകൻ: നടാഷ മെർകുലോവ
രാജ്യം: റഷ്യ

കഥാചുരുക്കം: യു.എസ്.എസ്.ആറിലെ നിയമപാലകനായ ക്യാപ്ടൻ ഫ്യോഡോർ വൊൾക്കാനോഗോവ് തന്റെ,​ സഹപ്രവർത്തകർ സംശയാസ്പദമായി ചോദ്യം ചെയ്യപ്പെടുന്നത് കാണുന്നു. അടുത്തത് താനാണെന്ന് മനസിലാക്കിയ അദ്ദേഹം ഒളിച്ചോടുന്നു.

4)​ക്ളാരാ സോള
സംവിധായകൻ: നതാലിയെ ആൽവരേസ് മെസെൻ
രാജ്യം: സ്വീഡൻ


കഥാചുരുക്കം: 40 വയസുള്ള ക്ലാരയ്ക്ക് ദൈവികമായ ശക്തിയുണ്ടെന്ന് ആളുകൾ വിശ്വസിക്കുന്നു. രോഗശാന്തിയേകുന്നവൾ എന്ന നിലയിൽ ഒരു കുടുംബത്തെയും ഗ്രാമത്തെയും അവൾ പരിചരിക്കുന്നു. അമ്മയുടെ അടിച്ചമർത്തലുകൾക്ക് ശേഷം അനന്തരവളുടെ കാമുകനോട് തോന്നുന്ന ആകർഷണം ക്ലാരയുടെ ലൈംഗികാഭിലാഷങ്ങളെ ഉണർത്തുന്നു.

5)​ കോസ്‌‌റ്റ ബ്രാവ
സംവിധായകൻ: മൗനിക അക്ൽ
രാജ്യം: ലെബനൻ

കഥാചുരുക്കം: ബെയ്‌റൂട്ടിലെ വിഷമലിനീകരണത്തിൽ നിന്ന് രക്ഷപ്പെട്ട ബദ്രി കുടുംബം, അവർ നിർമ്മിച്ച പുതിയ വീട്ടിലേ ക്ക് താമസം മാറ്റുന്നു. എന്നാൽ അപ്രതീക്ഷിതമായി അവരുടെ വേലിക്ക് പുറത്ത് ഒരു മാലിന്യ നിർമ്മാർജ്ജന കേന്ദ്രം നിർമ്മിക്കപ്പെടുന്നു.

6)​ നിഷിദ്ധോ
സംവിധായിക: താരാ രാമാനുജൻ
രാജ്യം: ഇന്ത്യ (മലയാളം)​


കഥാതന്തു: കേരളത്തിലെ കെട്ടിടനിർമ്മാണ സൈറ്റിൽ വച്ച് കുടിയേറ്റത്തൊഴിലാളി മരിക്കുന്നു. ദുർഗാവിഗ്രഹം നിർമ്മിക്കുന്ന അയാളുടെ അനന്തരവൻ കർക്കശക്കാരിയായ ഒരു തമിഴ് വയറ്റാട്ടിയെ ശവസംസ്‌കാരത്തിന് ചുമതലപ്പെടുത്തുന്നു.

7)​ഐ ആം നോട്ട് ദ റിവർ ഝലം
സംവിധായകൻ: പ്രഭാഷ് ചന്ദ്ര
രാജ്യം: ഇന്ത്യ

കഥാസാരം: കാശ്മീരിൽ ജീവിക്കുന്ന അഫീഫ എന്ന പെൺകുട്ടി വ്യക്തിജീവിതത്തിൽ അനുഭവിക്കുന്ന പിരിമുറുക്കവും ആഘാതവുമാണ് സിനിമയുടെ ഇതിവൃത്തം.

8)​ലെറ്റ് ഇറ്റ് ബി മോർണിംഗ്
സംവിധായകൻ: ഇറാൻ കൊലിറിൻ
രാജ്യം: ഇസ്രയേൽ

കഥാതന്തു: സഹോദരന്റെ വിവാഹത്തിനുള്ള ക്ഷണം ഒരാളെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അവർ വളർന്ന അറബി ഗ്രാമത്തിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുന്നു.

9)​മുറീന
സംവിധായകൻ: അന്റോണെറ്റ അലമാത് കുസിനോവിക്
രാജ്യം: യു.എസ്

കഥാസാരം: ഒരു പഴയ കുടുംബസുഹൃത്ത് ക്രൊയേഷ്യൻ ദ്വീപിലെ വസതിയിൽ എത്തുന്നതോടെ കൗമാരക്കാരിയായ യൂലിയയുടെ അവളുടെ പിതാവ് ആന്റെയ്‌ക്കും ഇടയിലുള്ള പിരിമുറുക്കം ഏറുന്നു. ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു ഇടപെടലിനാണ് ആന്റെ ശ്രമിക്കുന്നത്.

10)​കൂഴങ്ങൾ​
സംവിധായകൻ: വിനോദ്‌രാജ് പി.എസ്
രാജ്യം: ഇന്ത്യ (തമിഴ്)​

കഥാസാരം: മദ്യപാനിയായ ഗണപതി ഒരു ദിവസം മകൻ വേലുവിനെയും കൂട്ടി താൻ മർദ്ദിച്ച് ഇറക്കിവിട്ട ഭാര്യയെ തിരികെ കൊണ്ടുവരാൻ പോകുന്നു. വീട്ടിലെത്തുന്ന അയാൾ,​ ഭാര്യ തന്റെവീട്ടിലേക്ക് മടങ്ങിയതായി അറിയുന്നു. രോഷാകുലനായ അയാൾ വീട്ടുകാരോട് കലഹിക്കുന്നതിനിടെ ബസ് ടിക്കറ്റിനുള്ള പണം നഷ്ടമാകുന്നു.


11)​ സുഘ്റ ആൻഡ് ഹെർ സൺസ്
സംവിധായകൻ: ഇൽഗർ നജഫ്
രാജ്യം: അസർബൈജാൻ

കഥാതന്തു: ദൂരെയുള്ള ഒരു ഗ്രാമത്തിൽ സ്ത്രീകൾ ജോലികൾ ചെയ്യുമ്പോൾപുരുഷന്മാർ നാസികളുമായി യുദ്ധം ചെയ്യുന്നു നാടുവിട്ടുപോയവരുടെ ഒരു ചെറിയ സംഘം മലനിരകളിൽ ഒളിച്ചിരിക്കുന്നു. ബഹ്‌തിയാർ എന്ന കൊച്ചുകുട്ടി ഈ മനുഷ്യർക്കും ഗ്രാ മത്തിനും ഇടയിലെ കണ്ണിയായി പ്രവർത്തിക്കുന്നു.

12)​ ആവാസവ്യൂഹം
സംവിധായകൻ: കൃഷന്ദ് ആ‍ർ.കെ
രാജ്യം: ഇന്ത്യ (മലയാളം)​

കഥാസാരം: കൊച്ചിയിലെ ഒരു ചെറിയ ദ്വീപായ പുതുവൈപ്പ് ദുർബലമായ ആവാസവ്യവസ്ഥയും കണ്ടൽക്കാടുകളിലേക്കുള്ള അപൂർവ പക്ഷികളുടെ കുടിയേറ്റവും മത്സ്യത്തൊഴിലാളികളും പെട്രോളിയം കമ്പനി വിതയ്ക്കുന്ന ഭീഷണികളും ജോയ് എന്ന വ്യക്തിയുടെ രൂപാന്തരീകരണത്തിന് കാരണമാകുന്നു.

13)​ യൂ റിസംബിൾ മീ
സംവിധായകൻ: ഡിന ആമെർ
രാജ്യം: യു.എസ്

കഥാതന്തു: പാരീസിന്റെ ഒരു പ്രാന്തപ്രദേശത്തിലാണ് രണ്ട് സഹോദരിമാർ താമസിച്ചിരുന്നത്. അവർ വേർപിരിക്കപ്പെടുന്നതോടെ മൂത്തസഹോദരിയായ ഹസ്‌ന തന്റെ വ്യക്തിത്വം കണ്ടെത്താൻ പ്രയാസപ്പെടുന്നു.

14)​ യൂനി
സംവിധായകൻ: കാമില അന്ദിനി
രാജ്യം: ഇന്തോനേഷ്യ

കഥാചുരുക്കം: യൂണിവേഴ്‌സിറ്റിയിൽ ചേർന്ന് പഠിക്കുകയെന്ന സ്വപ്നമാണ് കൗമാരക്കാരിയായ യൂനിക്കുള്ളത്. തനിക്ക് പരിചയമുള്ള രണ്ട് പുരുഷന്മാർ നടത്തിയ വിവാഹാഭ്യർത്ഥന അവൾ നിരസിക്കുന്നു. മൂന്നാമതൊരാൾ വിവാഹാഭ്യർത്ഥനയുമായി എത്തുന്നതോടെ അവൾ സമ്മർദ്ദത്തിലാകുന്നു.