 പരസ്‌പരം കേസുകൊടുത്ത് ഇരുപക്ഷവും  എസ്.എഫ്.ഐ പ്രവർത്തകൻ അബാദ് മുഹമ്മദിന് സസ്‌പെൻഷൻ

തിരുവനന്തപുരം: ലാ കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിന് പിന്നാലെ ഇന്നലെ വെളുപ്പിന് പൊട്ടക്കുഴിയിലെ വാടകവീട്ടിൽ താമസിക്കുന്ന കെ.എസ്.യു പ്രവർത്തകരെ എസ്.എഫ്.ഐക്കാർ വീട്ടിൽകയറി മർദ്ദിച്ചു. വാഷിംഗ് മെഷീനടക്കം അടിച്ചുതകർത്ത സംഘം ഇസ്‌തിരിപ്പെട്ടി ഉപയോഗിച്ച് കെ.എസ്.യുക്കാരുടെ തലയ്‌ക്കടിച്ചെന്നും ആരോപണമുണ്ട്.

ആക്രമണത്തിൽ ദേവനാരായണൻ എന്ന വിദ്യാർത്ഥിയുടെ കഴുത്തിന് പരിക്കുണ്ട്. വീട്ടിലെ സോഫ തകർത്തശേഷം തടി ഉപയോഗിച്ചുള്ള ആക്രമണത്തിൽ ജിയോ എന്ന വിദ്യാർത്ഥിയുടെ കാലൊടിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലാ കോളേജിൽ ആൺകുട്ടികൾക്ക് ഹോസ്റ്റൽ ഇല്ലാത്തതിനാൽ വിദ്യാർത്ഥികളിൽ പലരും നഗരത്തിൽ വീടുകൾ വാടകയ്‌ക്കെടുത്താണ് താമസിക്കുന്നത്. വിദ്യാർത്ഥികളുടെ പരാതിയിൽ 10 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.

അജിത്ത്, അനന്ദകൃഷ്‌ണൻ, ആദിഷ്, ഹാർഷിം, ശ്രീനാഥ്, ശ്രാവൺ, സൂരജ്, അംബികദത്ത്, അബാദ് മുഹമ്മദ്, അബ്‌ദുള്ള എന്നീ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയാണ് അക്രമിച്ചതിനും വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതിനും കേസെടുത്തത്. അതേസമയം അബാദ് മുഹമ്മദിനെ കോളേജ് പ്രിൻസിപ്പൽ സസ്‌പെൻഡ് ചെയ്‌തു. എന്നാൽ സഫ്‌നയെ മർദ്ദിച്ച പരാതിയുടെ അടിസ്ഥാനത്തിലല്ല അബാദിനെ സസ്‌പെൻഡ് ചെയ്‌തതെന്നും നടപടിയിൽ തൃപ്‌തിയില്ലെന്നും കെ.എസ്.യു ആരോപിച്ചു. സംഭവത്തോട് പ്രതികരിക്കാൻ ലാ കോളേജ് അധികൃതർ ഇന്നലെയും തയ്യാറായില്ല. കഴിഞ്ഞദിവസം ആക്രമിക്കപ്പെട്ട കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്‌നയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സഫ്‌നയെ ആക്രമിച്ചതിന് നേരത്തെ കേസെടുത്തിരുന്നു. എസ്.എഫ്.ഐ പ്രവർത്തകരുടെ പരാതിയിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തു. ആഷിഖ് അഷറഫ്, നിഥിൻ തമ്പി, അരുൺ അമ്പിളി, തേജസ്, യെമിന, ദേവനാരായണൻ, നിഖിൽ എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 20ഓളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

എസ്.എഫ്.ഐ പ്രവർത്തകരായ പെൺകുട്ടികൾക്ക് നേരെ മോശമായി പെരുമാറിയ അരുൺ അമ്പിളിയെന്ന കെ.എസ്.യു പ്രവർത്തകനെതിരെ രാത്രി വൈകി എസ്.എഫ്.ഐ പൊലീസിൽ പരാതി നൽകി. മദ്യപിച്ചെത്തിയ അരുൺ പെൺകുട്ടികളോട് മദ്യം വേണോയെന്ന് ചോദിച്ചെന്നും കൈയിൽ കയറി പിടിച്ചെന്നുമാണ് പരാതി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, ഷാഫി പറമ്പിൽ, കെ. ബാബു, മാത്യു കുഴൽനാടൻ, വി.എസ്. ശിവകുമാർ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ കെ.എസ്.യു പ്രവർത്തകരെ ആശുപത്രിയിലെത്തി സന്ദർശിച്ചു. അത്യാഹിത വിഭാഗത്തിന് മുന്നിൽ പരിക്കേറ്റ വിദ്യാർത്ഥികൾക്കൊപ്പമാണ് ഷാഫി പറമ്പിൽ മാദ്ധ്യമങ്ങളെ കണ്ടത്.

നിയമസഭാ മാർച്ചിൽ സംഘർഷം

എസ്.എഫ്.ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് കെ.എസ്.യുവും യൂത്ത്‌കോൺഗ്രസും നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. എം.എൽ.എമാർ ഉൾപ്പെടെയുള്ളവർക്കു നേരെ നാല് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രകോപിതരായ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറാൻ ശ്രമിച്ചത് തടഞ്ഞതിനെ തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി.

പെൺകുട്ടികൾ ഉൾപ്പെടെ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു. പിന്നാലെ പ്രവർത്തകർ എം.ജി റോഡ് ഉപരോധിച്ചു. പി.സി. വിഷ്‌ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്‌ത മാർച്ചിൽ എം.എൽ.എമാരായ ഷാഫി പറമ്പിൽ, റോജി എം.ജോൺ, അൻവർ സാദത്ത്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് തുടങ്ങിയവർ സംസാരിച്ചു.