
തിരുവനന്തപുരം: തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലിരിക്കെ വിഴിഞ്ഞം നെല്ലിയോട് സ്വദേശി സുരേഷ് (40) മരിച്ച സംഭവത്തിൽ അന്വേഷണം സി.ബി.ഐക്ക് വിട്ട് സംസ്ഥാന സർക്കാർ ഉത്തരവിട്ടെങ്കിലും അന്വേഷണം വൈകും. കേന്ദ്ര സർക്കാരിൽ നിന്ന് അന്വേഷണം പ്രഖ്യാപിച്ചുള്ള നോട്ടിഫിക്കേഷനും തുടർന്ന് സി.ബി.ഐ ആസ്ഥാനത്ത് നിന്ന് അന്വേഷണത്തിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവും ലഭിച്ചാലേ കേസ് ഏറ്രെടുക്കാനാകൂവെന്ന് തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് അഡീഷണൽ എസ്.പി. അനന്തകൃഷ്ണൻ വ്യക്തമാക്കി.
അതേസമയം കസ്റ്റഡി മരണക്കേസിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി നസറുദ്ദീന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഇന്നലെയും സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തി. സുരേഷിന്റെ അയൽവാസികൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരെ നേരിൽക്കണ്ട അന്വേഷണസംഘം സുരേഷിന്റെ സുഹൃത്തുക്കളും ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നവരുമായ നാലുപേരുടെ മൊഴികൾ രേഖപ്പെടുത്താനുള്ള ആലോചനയിലാണ്. ഇതിനായി കോടതിയിൽ അപേക്ഷ നൽകാനാണ് തീരുമാനം.
സുരേഷ് ഉൾപ്പെടെ അഞ്ചുപേരെയും ജഡ്‌ജിക്കുന്നിൽ നിന്ന് കസ്റ്റഡിയിലെടുത്ത സമയത്തോ സ്റ്റേഷനിലെത്തിച്ചോ പൊലീസ് മർദ്ദിച്ചിരുന്നോ എന്നാണ് ക്രൈംബ്രാഞ്ചിന് കണ്ടെത്തേണ്ടത്. സുരേഷിന്റെ ശരീരത്തിൽ പല ഭാഗത്തായുള്ള 12ഓളം ചതവുകൾ പൊലീസ് മർദ്ദനത്തിൽ ഉണ്ടായതാണോയെന്ന് സ്ഥിരീകരിക്കാൻ ഇവരുടെ മൊഴി കൂടിയേ തീരൂ. കേസ് സി.ബി.ഐ ഏറ്റെടുക്കുംവരെ അന്വേഷണം തുടരാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
കസ്റ്റഡിയിലാകും മുമ്പ് സുരേഷ്
വീണതായി ഹോംഗാർഡ്
ദമ്പതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജഡ്ജിക്കുന്നിൽ പൊലീസ് എത്തിയപ്പോൾ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സുരേഷ് രണ്ട് തവണ താഴ്ചയുള്ള കുഴികളിൽ വീണതായി കസ്റ്റഡിയിലെടുത്ത പൊലീസ് സംഘത്തിലുൾപ്പെട്ട ഹോം ഗാർഡിന്റെ വെളിപ്പെടുത്തൽ. തിരുവല്ലം സ്റ്റേഷനിലെ ഹോംഗാർഡ് ബിനു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പേരൂർക്കട സ്വദേശികളായ ദമ്പതികളുടെ പരാതിയിൽ അന്ന് രാത്രി 8.30ഓടെ എസ്.ഐ വൈശാഖ്, ഗ്രേഡ് എസ്.ഐ സജീവ്, ഡ്രൈവറും ഹോംഗാർഡുമായ ജയകുമാറും താനുമാണ് ജഡ്‌ജിക്കുന്നിലെത്തിയത്. കുന്നിൻമുകളിലെ കുരിശടിക്ക് സമീപമെത്തിയപ്പോൾ എതിർവശത്ത് നിന്ന് പരാതിക്കാരുടെ വാഹനവും പിന്നാലെ സുരേഷും സംഘവും വരുന്നതായി കണ്ടു.
ജീപ്പിന് സമീപം വാഹനം നിറുത്തിയ ദമ്പതികൾ പിന്നാലെ വരുന്നവരാണ് തങ്ങളെ ആക്രമിച്ചതെന്ന് വെളിപ്പെടുത്തി. ഈസമയം സുരേഷ് മതിൽചാടി സമീപത്തെ വിളയിലേക്ക് മറിഞ്ഞു. പൊലീസും രണ്ടുവഴിക്കായി പിന്തുടരുന്നതിനിടെ മതിൽക്കെട്ടിലെ കോമ്പൗണ്ടിനുള്ളിൽ നിന്ന് ആരോ വീഴുന്ന ശബ്ദം കേട്ടു. നോക്കിയപ്പോൾ മദ്യലഹരിയിലായിരുന്ന സുരേഷ് കുഴിയിൽ വീണുകിടക്കുന്നതാണ് കണ്ടത്. താനാണ് സുരേഷിനെ പൊക്കിയെടുത്തത്. ഇതിനിടെ കാൽവഴുതി വീണ തന്റെ ഷൂസ് ഊരിപ്പോയി. സുരേഷിനോട് ഗേറ്റിന് സമീപത്തേക്ക് പോകാൻ നിർദേശിച്ചെങ്കിലും പോകുന്നതിനിടെ വീണ്ടും സുരേഷ് മറ്രൊരു കുഴിയിൽ വീണു.
പ്രായസപ്പെട്ട് കയറിവന്ന അയാളെ ഗേറ്റിന് മുകളിലൂടെയാണ് പുറത്തെത്തിച്ചത്. സുരേഷിനെ ജീപ്പിൽ കയറ്റുന്നതുകണ്ട് വിനീതും അവിടെയെത്തി. ഇയാളും ആക്രമിച്ചെന്ന് ദമ്പതികൾ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ വിനീതിനെയും ജീപ്പിൽകയറ്റി സ്റ്റേഷിനലേക്ക് കൊണ്ടുവരികയായിരുന്നു. കസ്റ്റഡി മർദ്ദനമുണ്ടായതായി തനിക്കറിയില്ലെന്നും ബിനു പറഞ്ഞു. സുരേഷിന്റെ ശരീരത്തിലുണ്ടായ ചതവുകളാണ് മർദ്ദനമേറ്റെന്ന സംശയത്തിനിടയാക്കിയത്.