technical-university

 പുതിയ പദ്ധതിയുമായി സാങ്കേതിക സർവകലാശാല

തിരുവനന്തപുരം: 150 കോളേജുകളിൽ 4.79 കോടി രൂപയ്‌ക്ക് ആധുനിക ഗവേഷണ സംവിധാനമൊരുക്കാൻ സാങ്കേതിക സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനിച്ചു. പ്രായോഗിക എൻജിനിയറിംഗ് ഗവേഷണം പ്രോത്സാഹിപ്പിക്കാനാണ് നടപടി. ലോക നിലവാരത്തിലുള്ള ശാസ്ത്ര ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്ന എൽസെവിയറിന്റെ സാങ്കേതിക സേവനങ്ങൾ അഫിലിയേറ്റഡ് കോളേജുകൾക്ക് സൗജന്യമായി നൽകും. ഇതുവഴി മുന്നൂറ് അന്താരാഷ്ട്ര ഗവേഷണ ജേർണലുകൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി ഉപയോഗിക്കാം. എൽസെവിയറിലൂടെ ലഭിക്കുന്ന ജേർണലുകളും പ്രബന്ധങ്ങളും ഡിജിറ്റലായി കോളേജുകൾക്ക് വിതരണം ചെയ്യാൻ 'നിംബസ് എംലൈബ്രറി" സോഫ്‌റ്റ്‌വെയർ വാങ്ങും. ഇതിലൂടെ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര പ്രബന്ധങ്ങൾ മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് വായിക്കാം.

ഗവേഷണ വിഷയങ്ങളുടെ കോപ്പിയടി തടയാൻ 'ടേണിറ്റിൻ" ആൻഡി പ്ലേജിയറിസം സോഫ്റ്റ്‌വെയർ വാങ്ങും. എല്ലാ കോളേജുകളെയും ഇതുപയോഗിക്കാൻ അനുവദിക്കും. ഗവേഷണ ഫലം പേറ്റന്റ് ചെയ്യാൻ പേറ്റന്റ് ഡാറ്റാബേസ് നടപ്പിലാക്കും. പേറ്റന്റ് ഗവേഷണത്തിലെ മികച്ച സംവിധാനമായ ഡെർവെന്റ് ഇന്നൊവേഷനുമായി ചേർന്നാണ് പദ്ധതി ഒരുക്കുന്നത്.

 രണ്ട് അദ്ധ്യാപകർക്കെതിരെ നടപടി

മൂല്യ നിർണയത്തിലെ വീഴ്ചവരുത്തിയ രണ്ട് അദ്ധ്യാപകർക്കെതിരെ നടപടിയെടുക്കും. ബി.ടെക് സിവിൽ ഏഴാം സെമസ്റ്ററിലെ സ്ട്രക്ചറൽ എൻജിനിയറിംഗ് വിഷയത്തിലെ മൂല്യ നിർണയത്തിൽ വീഴ്ച വരുത്തിയ എറണാകുളം വിജ്ഞാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ അദ്ധ്യാപികയുടെ സർവകലാശാല ഐഡി ഒരു വർഷത്തേക്ക് റദ്ദാക്കും. രണ്ട് വർഷത്തേക്ക് പരീക്ഷാ ജോലികളിൽ നിന്ന് ഒഴിവാക്കും. തിരുവനന്തപുരം മരിയൻ എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ നൽകിയ പരാതിയെ തുടർന്നാണ് നടപടി. കോട്ടയം മംഗളം എൻജിനിയറിംഗ് കോളേജിലെ എം.ബി.എ വിദ്യാർത്ഥിയുടെ നാലാം സെമസ്റ്റർ പരീക്ഷയിലെ ഫിനാൻഷ്യൽ മാർക്കറ്റ്സ് ആൻഡ് സർവീസ് വിഷയത്തിലെ മൂല്യനിർണയത്തിൽ വീഴ്ച വരുത്തിയ തൃശൂർ നിർമല കോളേജ് ഒഫ് എൻജിനിയറിംഗിലെ അദ്ധ്യാപികയുടെ സർവകലാശാല ഐഡി രണ്ടു വർഷത്തേക്ക് റദ്ദാക്കും. സംഭവത്തിൽ ചട്ടം ലംഘിച്ച് ശുപാർശനല്കിയ മംഗളം കോളേജ് പ്രിൻസിപ്പാളിന്റെ നടപടിയിൽ അതൃപ്തിയറിയിക്കും. മൂല്യനിർണയത്തിൽ വീഴ്ചവരുത്തുന്ന അധ്യാപകർക്കെതിരെയുള്ള നടപടികൾക്കുള്ള മാനദണ്ഡങ്ങൾക്കും സിൻഡിക്കേറ്റ് അംഗീകാരം നൽകി.