
തിരുവനന്തപുരം: മികച്ച നിലയിൽ പ്രവർത്തിക്കുന്ന ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ ഓഹരിവില്പനയിൽ നിന്ന് പിൻമാറി പൊതുമേഖലയിൽ തന്നെ നിലനിറുത്താൻ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടാകണമെന്ന് നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ശൂന്യവേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുസംബന്ധിച്ച് അവതരിപ്പിച്ച പ്രമേയം സഭ ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു. പ്രമേയത്തെ ഒന്നുകൂടി ശക്തിപ്പെടുത്താനുള്ള ചില ഭേദഗതികൾ പ്രതിപക്ഷത്ത് നിന്ന് എൻ. ഷംസുദ്ദീൻ നിർദ്ദേശിച്ചെങ്കിലും ഉള്ളടക്കത്തിൽ അവയുള്ളതിനാൽ അംഗീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പാർലമെന്റിൽ വിശദമായ ചർച്ചയ്ക്കോ പരിശോധനയ്ക്കോ അവസരം നൽകാതെ ധനകാര്യബില്ലിലുൾപ്പെടുത്തി എൽ.ഐ.സി ആക്ട് ഭേദഗതി ചെയ്യുകയായിരുന്നു. വികസനവും ജനക്ഷേമവും ഉറപ്പാക്കുന്നതിൽ സ്തുത്യർഹമായ പങ്ക് വഹിക്കുന്ന സ്ഥാപനത്തെ സ്വകാര്യനിക്ഷേപകർക്ക് വിട്ടുകൊടുക്കുന്നത് നാടിനോ സമൂഹത്തിനോ ഗുണകരമല്ലെന്നും പ്രമേയം ചൂണ്ടിക്കാട്ടി.