
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് തെറ്റായ പ്രവണതയുണ്ടായാൽ അതിനെതിരെ ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും പോലുള്ള സംഘടിത കുറ്റകൃത്യങ്ങൾ ഉന്മൂലനം ചെയ്യാൻ പ്രത്യേക പദ്ധതിക്ക് പൊലീസ് രൂപം നൽകിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാരുടെ മേൽനോട്ടത്തിൽ ജില്ലകളിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. സ്ഥിരം കുറ്റവാളികളെയും അവരുടെ പണമിടപാടുകളും മറ്റു പ്രവർത്തനങ്ങളും നിരീക്ഷിക്കുകയും ഉചിതമായ സമയത്ത് ഇടപെടുന്നതിനും വേണ്ടിയാണിത്.
എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ അതത് സ്‌റ്റേഷൻ പരിധിയിലെ ഗുണ്ടകളുടെ പ്രവർത്തനം പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരെയും അമർച്ച ചെയ്യാൻ ‘ഓപ്പറേഷൻ കാവൽ’ പദ്ധതി എല്ലാ ജില്ലയിലും ആരംഭിച്ചു. ക്രിമിനൽ പശ്‌ചാത്തലമുള്ളവരുടെ സാമ്പത്തിക സ്രോതസ് ഉൾപ്പെടെയുള്ള ഡാറ്റാ ബേസും തയ്യാറാക്കുന്നുണ്ട്. ഇവരെ സംബന്ധിച്ച ഹിസ്‌റ്ററി ഷീറ്റ് ജില്ലാ അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുണ്ട്.