ഉദ്ഘാടന ചിത്രം രഹന മറിയം നൂർ

തിരുവനന്തപുരം: 26-ാമത് അന്താരാഷ്ട്ര ചലച്ചിമേള നാളെ വൈകിട്ട് 6.30ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാകും. പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപാണ് മുഖ്യാതിഥി. ഐസിസിന്റെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദ്ദിഷ് സംവിധായിക ലിസ ചലാന് മുഖ്യമന്ത്രി സ്പിരിറ്റ് ഒഫ് സിനിമ അവാർഡ് സമ്മാനിക്കും. ഫെസ്റ്റിവൽ ഹാൻഡ്ബുക്ക് മന്ത്രി വി.ശിവൻകുട്ടി, മന്ത്രി ആന്റണി രാജുവിനും ഫെസ്റ്റിവൽ ബുള്ളറ്റിൻ മന്ത്രി ജി.ആർ.അനിൽ മേയർ ആര്യാ രാജേന്ദ്രനും നൽകി പ്രകാശനം ചെയ്യും. വി.കെ പ്രശാന്ത് എം.എൽ.എ ചലച്ചിത്ര അക്കാഡമി പ്രസിദ്ധീകരണമായ സമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പ് പുറത്തിറക്കും. കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ.കരുൺ മാസിക ഏറ്റുവാങ്ങും.സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് , അക്കാഡമി ചെയർമാൻ രഞ്ജിത്ത്, വൈസ് ചെയർമാൻ പ്രേംകുമാർ, ആർട്ടിസ്റ്റിക് ഡയറക്ടർ ബീനാ പോൾ, സെക്രട്ടറി സി.അജോയ് എന്നിവർ പങ്കെടുക്കും. തുടർന്ന് ഓസ്കർ നാമനിർദ്ദേശം ലഭിച്ച ഉദ്ഘാടന ചിത്രമായ രഹന മറിയം നൂർ പ്രദർശിപ്പിക്കും.
കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ആദ്യ ബംഗ്ലാദേശി ചിത്രമാണിത്. അബ്ദുള്ള മുഹമ്മദ് സാദാണ് സംവിധായകൻ. ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന് ഗായത്രി അശോകനും സൂരജ് സാത്തെയും ചേർന്ന് ഒരുക്കുന്ന ശ്രദ്ധാഞ്ജലിയോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിക്കുന്നത്.