
തിരുവനന്തപുരം: കോൺഗ്രസ് മെമ്പർഷിപ്പ് പ്രവർത്തനം കെ.പി.സി.സി. ഊർജ്ജിതമാക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഡിജിറ്റൽ മെമ്പർഷിപ്പ് കാമ്പെയിൻ സംഘടിപ്പിക്കുന്നത്. ബൂത്ത്, മണ്ഡലം തലത്തിൽ പ്രവർത്തകർ വീടുകയറിയുള്ള മെമ്പർഷിപ്പിന് നേതൃത്വം നൽകും. മാർച്ച് 31നാണ് മെമ്പർഷിപ്പ് കാമ്പെയിൻ അവസാനിപ്പിക്കേണ്ടത്. പ്രവർത്തനങ്ങൾ ഇഴയുന്നതിൽ നേതൃത്വത്തിന് ആശങ്കയുണ്ട്. 137 രൂപ ചലഞ്ചും ഉദ്ദേശിച്ചത്ര ഫലം കണ്ടില്ല.
മെമ്പർഷിപ്പ് പ്രവർത്തനം ചിട്ടയായി നടപ്പാക്കാൻ ബ്ലോക്കിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എൻറോളർമാർക്ക് മേഖലാടിസ്ഥാനത്തിൽ പരിശീലനം നൽകും.കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ,പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ പങ്കെടുക്കും.
ബ്ലോക്കിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർ,ഡി.സി.സി പ്രസിഡന്റുമാർ, അതാത് മേഖലകളിലെ കെ.പി.സി.സി ഭാരവാഹികൾ,ജില്ലാ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറിമാർ എന്നിവർക്കാണ് പരിശീലനം. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളിലെ മേഖലായോഗം മാർച്ച് 18ന് തിരുവനന്തപുരത്തും കണ്ണൂർ,കാസർകോട് ജില്ലകളിലേത് 19ന് കണ്ണൂരിലും കോഴിക്കോട്,വയനാട്,മലപ്പുറം ജില്ലകളിലേത് 20ന് കോഴിക്കോട്ടും എറണാകുളം, കോട്ടയം, ആലപ്പുഴ,ഇടുക്കി ജില്ലകളിലേത് 21ന് എറണാകുളത്തും തൃശൂർ,പാലക്കാട് ജില്ലകളിലേത് 21ന് തൃശൂരും സംഘടിപ്പിക്കും. ഇതോടൊപ്പം മാർച്ച് 18ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെയും 20ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും യോഗം വിളിക്കും.
മാർച്ച് 27ന് കേരളത്തിലെ മുഴുവൻ ബൂത്തുകളിലും സമ്പൂർണ്ണ മെമ്പർഷിപ്പ് കാമ്പെയിൻ സംഘടിപ്പിക്കും. കെ.പി.സി.സി പ്രസിഡന്റ് മുതൽ ബൂത്ത് തലം വരെയുള്ള നേതാക്കൾ സ്വന്തം മണ്ഡലം,ബൂത്തുകളിൽ വീടു കയറി മെമ്പർഷിപ്പ് പ്രവർത്തനത്തിൽ പങ്കാളികളാകും. ബൂത്തുകൾക്ക് 200 മെമ്പർഷിപ്പെന്ന നിലയിൽ മണ്ഡലം കമ്മിറ്റികൾക്ക് ക്വാട്ട നിശ്ചയിച്ച് നൽകാൻ ബോക്ക് കമ്മിറ്റികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അഞ്ച് രൂപയാണ് ഫീസ്. മെമ്പർഷിപ്പ് പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ,സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും കെ.പി.സി.സി ഓഫീസിൽ മെമ്പർഷിപ്പ് വാർ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ജില്ലകളിലും മെമ്പർഷിപ്പ് വാർ റൂം പ്രവർത്തനം തുടങ്ങും.
പുനഃസംഘടന നിറുത്തിയെന്നത് വ്യാജ വാർത്ത: കെ. സുധാകരൻ
സംസ്ഥാന കോൺഗ്രസിൽ പുനഃസംഘടന നിറുത്തിവച്ചെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ എം.പി പറഞ്ഞു. കെ.പി.സി.സി വക്താക്കളാണ് ഔദ്യോഗിക കാര്യങ്ങൾ അറിയിക്കുന്നത്. പുനഃസംഘടന നിറുത്തിച്ചന്ന വാർത്തയ്ക്ക് ആധികാരികതയില്ല. മെമ്പർഷിപ്പ് ക്യാമ്പയിനിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് യോഗത്തിൽ പറഞ്ഞത്. അത് വളച്ചൊടിച്ചാണ് വാർത്ത വന്നത്.
തിരക്കായതു കൊണ്ടാണ് പുനഃസംഘടന വൈകിയത്. താഴേത്തട്ടിൽ പുനഃസംഘടന നടന്നില്ലെങ്കിൽ മുന്നോട്ട് പോകാനാകില്ലെന്നും കെ. സുധാകരൻ ചൂണ്ടിക്കാട്ടി.
എസ്.എഫ്.ഐയുടേത് ഗുണ്ടായിസം
ലാ കോളേജിൽ കെ.എസ്.യു വനിതാ നേതാവിനെ വലിച്ചിഴച്ച എസ്.എഫ്.ഐയുടേത് ഗുണ്ടായിസമാണെന്ന് കെ. സുധാകരൻ പറഞ്ഞു.
ഇടുക്കിയിലെ ധീരജിന്റെ കൊലപാതകത്തിന് ഉത്തരവാദികളും എസ്.എഫ്.ഐ ആണ്. എസ്.എഫ്.ഐയുടെ അതിക്രമം നിയമ പാലകർ കണ്ടില്ലെന്നു നടിക്കുകയാണ്. വസ്ത്രാക്ഷേപം നടത്തിയപ്പോൾ പൊലീസ് നോക്കി നിന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. എല്ലായിടത്തും പൊലീസ് അവരെ സംരക്ഷിക്കുന്നു. എസ്.എഫ്.ഐക്കെതിരെ ആത്മരക്ഷാർത്ഥം സംഘടിക്കേണ്ടി വരുമെന്നും കെ. സുധാകരൻ പറഞ്ഞു.