തിരുവനന്തപുരം:മലയാള നോവലിന്റെ കുലപതി സി.വി.രാമൻപിള്ളയുടെ അർദ്ധകായ വെങ്കല പ്രതിമ തിരുവനന്തപുരത്ത് പബ്ലിക് ലൈബ്രറി വളപ്പിലുയരുന്നു. പ്രതിമ അനാവരണം 23ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിക്കും.ഒരു വർഷം നീളുന്ന സി.വി ചരമശതാബ്ദി ദേശീയതല പരിപാടികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.സി.വിയെപ്പറ്റി മഹാകവി കുമാരനാശാൻ എഴുതിയ 'നിന്നുപോയ സിംഹനാദം' എന്ന കവിത ചടങ്ങിൽ പ്രൊഫ.വി.മധുസൂദനൻ നായർ ആലപിക്കും. അടൂർ ഗോപാലകൃഷ്ണൻ സി.വി പ്രതിമയിൽ പുഷ്പാർച്ചന നടത്തും.പ്രൊഫ.എം.കെ.സാനു സി.വി അനുസ്മരണം നിർവഹിക്കും. പ്രേമാമൃതം നോവൽ സി.വി ചരമശതാബ്ദി പതിപ്പ് മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്യും.പബ്ലിക് ലൈബ്രറിക്ക് സി.വി വ്യാഖ്യാനകോശം സമർപ്പണം മന്ത്രി ആന്റണിരാജു നിർവഹിക്കും. സ്റ്റേറ്റ് ലൈബ്രേറിയൻ പി.കെ. ശോഭന ഏറ്റുവാങ്ങും. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ.അനിൽ എന്നിവർ പങ്കെടുക്കും.
വെള്ളയമ്പലം മുതൽ തൈക്കാട് റസിഡൻസി വരെയുള്ള സി.വി.രാമൻപിള്ള റോഡ് പുനർനാമകരണ പ്രഖ്യാപനം മേയർ ആര്യ രാജേന്ദ്രൻ നടത്തും. പ്രതിമയുടെ ശില്പി ഉണ്ണി കാനായിക്ക് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉപഹാരം നൽകും. വൈകിട്ട് 6.30ന് മാർത്താണ്ഡവർമ നോവലിനെ ആധാരമാക്കി പിരപ്പൻകോട് മുരളി രചിച്ച സുഭദ്രേ, സൂര്യപുത്രി നാടകത്തിന്റെ വീഡിയോപ്രദർശനവുമുണ്ടാകും.
സി.വിയുടെ ചരമശതാബ്ദിയോടനുബന്ധിച്ച്,സി.വിയുടെ ജന്മദേശമായ നെയ്യാറ്റിൻകര ആറയൂരിൽ നിന്ന് സ്വന്തംഭവനമായ റോസ്കോട്ട് നിന്നുമുള്ള ദീപശിഖകൾ 21ന് രാവിലെ 10.30ന് പബ്ലിക് ലൈബ്രറിയിൽ മേയർ ആര്യ രാജേന്ദ്രൻ സ്വീകരിക്കും. വഴുതക്കാട്ടെ റോസ്കോട്ട് ഭവനത്തിൽ നഗരസഭാ കൗൺസിലർമാരായ പാളയം രാജനും രാഖി രവികുമാറും ജാഥാംഗങ്ങൾക്ക് ദീപശിഖ കൈമാറും.
രാവിലെ 11ന് സി.വി ചരമശതാബ്ദി ദിനാചരണം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും.ഡോ.പി.കെ.രാജശേഖരൻ സി.വി ചരമശതാബ്ദി പ്രഭാഷണം നിർവഹിക്കും.
22ന് രാവിലെ 10ന് സി.വി ആഖ്യായികാ പാരായണം ചീഫ്സെക്രട്ടറി ഡോ.വി.പി.ജോയി ഉദ്ഘാടനം ചെയ്യും. പ്രൊഫ.വി. മധുസൂദനൻ നായർ, ബാലചന്ദ്രൻ ചുള്ളിക്കാട്, പ്രൊഫ.അലിയാർ,ഡോ. അന്നപൂർണാ ദേവി എന്നിവർ പങ്കെടുക്കും.ഡോ.എം.എൻ.കാരശേരി,പ്രൊഫ.വി.കാർത്തികേയൻ നായർ,ഡോ.കെ.എസ്.രവികുമാർ എന്നിവർ ചരമശതാബ്ദി പ്രഭാഷണങ്ങൾ നടത്തും.